തിരുവനന്തപുരം > ലോകത്തെവിടെയും മലയാളികൾക്ക് മികച്ച വേതനമുള്ള ജോലി ലഭിക്കുന്നത് നമ്മുടെ മാനവവിഭവശേഷിയുടെ കരുത്താണെന്ന് മന്ത്രി പി രാജീവ്. നോർക്ക റൂട്ട്സിന്റെ ജനറിക് പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ (പിഡിഒപി) സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽനിന്ന് വിദേശങ്ങളിലേക്ക് കുടിയേറിയ പഴയ തലമുറയിലെ നഴ്സുമാർ സമ്പാദിച്ച സൽപ്പേരാണ് മലയാളി നഴ്സുമാരെന്ന ബ്രാന്റായി വളർന്നതിനു പിന്നിലെ കരുത്ത്. ലോകത്തെ പല രാജ്യങ്ങളിലെയും രോഗികൾക്ക് മികച്ച ശുശ്രൂഷ ലഭ്യമാക്കാൻ കഴിയുന്ന ആശുപത്രികളുടെ കേന്ദ്രമായി കേരളം മാറുകയാണ്. അതിനാൽ ഇവിടെയും നഴ്സുമാർക്കും ജീവനക്കാർക്കും ഉയർന്ന വേതനം നൽകാൻ ആശുപത്രി മാനേജ്മെന്റുകൾ നിർബന്ധിതമാകും. റിക്രൂട്ട്മെന്റിലെ തട്ടിപ്പുകൾ ഒഴിവാക്കാനാണ് ഗവൺമെന്റ് ടു ഗവൺമെന്റ് റിക്രൂട്ട്മെന്റ് കരാറുകൾക്ക് സർക്കാർ പ്രാധാന്യം നൽകുന്നത്. ഈ മാതൃക മറ്റു സംസ്ഥാനങ്ങൾ പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനോ, ജോലിക്കോ പോകുന്നവർക്കായാണ് സംസ്ഥാന വനിതാവികസന കോർപറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിങ് സ്കൂളിന്റെ പിന്തുണയോടെ നോർക്ക പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഹോട്ടൽ എസ്പി ഗ്രാന്റ് ഡേയ്സിൽ നടന്ന പരിപാടിയിൽ 320 വിദ്യാർഥികൾ പങ്കെടുത്തു. നോർക്ക സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, വനിതാവികസന കോർപറേഷൻ എംഡി വി സി ബിന്ദു, ജോയിന്റ് ഡയറക്ടർ ഓഫ് നഴ്സിങ് എജ്യൂക്കേഷൻ ഡോ. സലീന ഷാ, നോർക്ക പ്രോജക്ട്സ് മാനേജർ സുഷമഭായി എന്നിവർ സംസാരിച്ചു. ജിജോയ് ജോസഫ്, അനസ് അൻവർ ബാബു എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.