ദുബായ് : പ്രമുഖ ചലച്ചിത്ര നടനും, മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുമായിരുന്ന
മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യു എ ഇ ) ഏർപ്പെടുത്തിയ മാമുക്കോയ
സ്മാരക അവാർഡ് പ്രശസ്ത ചലച്ചിത്ര-സീരിയൽ ഹാസ്യ നടൻ വിനോദ് കോവൂരിനു നൽകും.
കോഴിക്കോട് കോവൂർ സ്വദേശിയായ അമ്പതുകാരനായ വിനോദ് എം 80 മൂസ, മറിമായം
എന്നീ ടെലിവിഷൻ സീരിയലുകളിലെ തൻ്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും,
കോഴിക്കോടൻ സംഭാഷണ രീതിയിലൂടെയും, ഹാസ്യ പ്രകടനങ്ങളിലൂടെയും മലയാളികളുടെ
മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയിട്ടുണ്ട്. ഇപ്പോൾ മലയാള ചലചിത്രങ്ങളിലും സാന്നിധ്യം
അറിയിച്ചു തൻ്റെ അഭിനയ പാടവം പ്രകടിപ്പിച്ചു വരുന്നു.
മലബാർ പ്രവാസി (യു എ ഇ) യുടെ ആഭിമുഖ്യത്തിൽ ജനുവരി 27 ശനിയാഴ്ച വൈകിട്ട് ദുബായ്
ക്രസൻറ് ഹൈസ്‌കൂൾ മൈതാനിയിൽ മാമുക്കോയയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന
“നമ്മുടെ സ്വന്തം മാമുക്കോയ” എന്ന പരിപാടിയിൽ വെച്ച് സാമൂഹ്യ സാംസ്‌കാരിക സിനിമ
മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ വിനോദ് കോവൂരിനു മാമുക്കോയ സ്മാരക
പുരസ്‌കാരം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ജമീൽ ലത്തീഫ്, മോഹൻ
എസ് വെങ്കിട്ട്, ഹാരിസ് കോസ്മോസ്, മുഹമ്മദ് അലി, മൊയ്‌ദു കുട്ട്യാടി തുടങ്ങിയവർ
അറിയിച്ചു.