തൊടുപുഴ: മരച്ചീനിയില കഴിച്ച് കൂട്ടത്തോടെ പശുക്കൾ ചത്ത സംഭവത്തിൽ തൊടുപുഴയിലെ കുട്ടിക്കർഷകർക്ക് സഹായഹവുമായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പും. പത്ത് പശുക്കളെ വാങ്ങുന്നതിനുള്ള ലുലു ഗ്രൂപ്പ് പണം നൽകും. വീട്ടിലെത്തി തുക കൈമാറും.
നേരത്തെ നടൻ ജയറാമും കുട്ടികൾക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറിയത്. പുതിയ സിനിമയുടെ പ്രമോഷനായുള്ള തുകയാണ് ഇദ്ദേഹം നൽകിയത്. കുട്ടികൾക്ക് കൈമാറിയത്. മമ്മൂട്ടി ഒരുലക്ഷവും പൃഥ്വിരാജ് രണ്ടുലക്ഷവും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്ടിലെത്തി. 22 പശുക്കളാണ് ഇവർക്കുണ്ടായിരുന്നത്. ഇതിൽ 13 പശുക്കളാണ് ഞായറാഴ്ച രാത്രി ചത്തത്. അഞ്ച് പശുക്കൾ ഗുരുതരാവസ്ഥയിലായിരുന്നു. ഇതിൽ മൂന്നു പശുക്കളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് പശുക്കൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
കപ്പത്തണ്ടിലെ സയനൈഡ് വിഷബാധയാണ് പശുക്കൾ ചാവാൻ കാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മികച്ച കുട്ടിക്കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിയുടെയും ജോർജിന്റെയും പശുക്കളാണ് ചത്തത്. സംഭവം കണ്ടുനിന്ന മാത്യുവിനും അമ്മക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പുതുവത്സരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകീട്ട് പുറത്തുപോയ കുടുംബാംഗങ്ങള്‍ രാത്രി എട്ടോടെ തിരിച്ചുവന്ന് ഫാമിലെ 22 പശുക്കള്‍ക്ക് തീറ്റ കൊടുത്തു. ഏതാനും സമയം കഴിഞ്ഞ് പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നുവീഴുകയായിരുന്നു. നാട്ടുകാര്‍ വിവരമറിച്ചതിനെ തുടർന്നെത്തിയ വെറ്ററിനറി ഡോക്ടര്‍മാരായ ഡോ. ഗദ്ദാഫി, ഡോ. ക്ലിന്റ്, ഡോ. സാനി, ഡോ. ജോര്‍ജിന് എന്നിവര്‍ മരുന്ന് നല്‍കിയെങ്കിലും അതിനകം 13 പശുക്കള്‍ ചത്തിരുന്നു. ഇവയിൽ എട്ടെണ്ണം ഗർഭമുള്ളവയായിരുന്നു .ഒമ്പത് പശുക്കളെ മറുമരുന്ന് നൽകി രക്ഷിക്കാനായി. പശുക്കളെ ഇൻഷുർ ചെയ്തിരുന്നില്ല.
ക്ഷീരകർഷകനായിരുന്ന പിതാവ് ബെന്നിയുടെ മരണത്തോടെ പശുക്കളെ വിൽക്കാനൊരുങ്ങിയ അമ്മ ഷൈനി മകനു വേണ്ടി തീരുമാനം മാറ്റുകയായിരുന്നു.പിതാവ് പഠിപ്പിച്ച പാഠങ്ങളുമായി രണ്ടു വർഷം മുൻപ് തൊഴുത്തിൽ കയറിയ മാത്യുവിന്റെ സമർപ്പണമാണ് അവനെ മികച്ച ക്ഷീരകർഷകനാക്കി മാറ്റിയത്.