കൊച്ചി : വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കക്ഷികൾ തമ്മിൽ ഒത്തുതീർപ്പായെന്ന് കോടതിയിൽ സബ്മിഷൻ സമർപ്പിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് മുൻകൂർ ജാമ്യം അനുവദിച്ചത്.
കണ്ണൂർ കണ്ണപുരം സ്വദേശിയാണ് ശ്രീശാന്തിനെതിരെ പരാതി നൽകിയത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നിവരാണ് മറ്റ് രണ്ട് പ്രതികൾ. കേസിൽ മൂന്നാം പ്രതിയാണ് ശ്രീശാന്ത്. വെങ്കിടേഷ് കിനിയുടെ ഭൂമിയിൽ നിർമ്മിക്കുന്ന വില്ല വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെന്നായിരുന്നു കേസ്. വില്ലയുടെ നിർമാണം നടന്നില്ലെന്നും അതേപ്പറ്റി ചോദിച്ചപ്പോൾ അതേ സ്ഥലത്ത് ശ്രീശാന്ത് തുടങ്ങുന്ന കായിക അക്കാദമിയിൽ പങ്കാളിയാക്കാമെന്നു പറഞ്ഞതായും പരാതിക്കാരൻ പറയുന്നു. എന്നാൽ പിന്നീട് ഇക്കാര്യത്തിലും നടപടി ഉണ്ടായില്ലെന്നു കാണിച്ചാണ് പരാതി നൽകിയത്. കണ്ണൂർ ടൗൺ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.