ചെന്നൈ : തമിഴ്നാട്ടിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് സ്റ്റേഷനുകളിൽ വെള്ളം കയറിയതോടെ യാത്രക്കാർ ട്രെയിനുകളിൽ കുടുങ്ങി. തിരുച്ചെന്തൂർ – തിരുനെൽവേലി സെക്ഷനുകളിൽക്കിടിൽ ശ്രീവൈകുണ്ഠപുരം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന തിരുച്ചെന്തൂർ എഗ്മോർ എക്സ്പ്രസ് ട്രെയിനിലാണ് യാത്രക്കാർ കുടുങ്ങിക്കിടക്കുന്നത്. യാത്രക്കാരെ എയർ ലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചുതുടങ്ങി.
ഏകദേശം 800ഓളം യാത്രക്കാരാണ് ട്രെയിനിനുള്ളിൽ കുടുങ്ങിയത്. ഇതിൽ 300 പേരെ സ്റ്റേഷനോട് ചേർന്നുള്ള സ്കൂളിലേക്ക് മാറ്റിയിരുന്നു. ദുരന്തനിവാരണ സേനയും വ്യോമസേനയും രക്ഷാ പ്രവർത്തനത്തിന് രംഗത്തുണ്ട്. രാവിലെ വ്യോമസേന ഹെലികോപ്റ്ററിൽ യാത്രക്കാർക്ക് ഭക്ഷണം എത്തിച്ച് നൽകിയിരുന്നു.
17നു രാത്രി തിരിച്ചെന്തൂരിൽനിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട എക്സ്പ്രസ് അന്നു രാത്രി 10 മണിയോടെയാണ് ശ്രീവൈകുണ്ഠപുരം സ്റ്റേഷനിൽ പിടിച്ചിട്ടത്. മണ്ണിടിച്ചിൽ ഉൾപ്പെടെ ഉണ്ടായതിനെ തുടർന്നാണ് പിടിച്ചിട്ടത്. എന്നാൽ പിന്നീട് ഇതിനു ചുറ്റും വെള്ളം ഉയർന്നതോടെ യാത്രക്കാർ ട്രെയിനിൽ കുടുങ്ങുകയായിരുന്നു.