സർവകലാശാലകളിലെ കാവിവൽക്കരണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തിനിടെ പ്രോട്ടാക്കോൾ ലംഘിച്ച് കാറിൽ നിന്ന് ചാടിയിറങ്ങിയ ഗവർണർ വിദ്യാർഥികളെ അസഭ്യം പറയുകയും ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കുയും ചെയ്തിരുന്നു.
എന്നാൽ പ്രതിഷേധക്കാരെ വിലക്കരുതെന്ന് പോലീസിന് നിർദേശം ഉണ്ടായിരുന്നുവെന്നാണ് ഡൽഹിയിൽ ഗവർണർ പ്രതികരിച്ചത്. പോലീസ് കാഴ്ചക്കാരായി നിന്നു. അക്രമികളെ പോലീസ് പിന്തിരിപ്പിച്ചില്ല. അക്രമികൾക്കെതിരേ ഐപിസി 124 ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിർദേശം നൽകിയെന്നും ഗവർണർ പറഞ്ഞു.
ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടും സ്വയം ന്യായീകരിക്കുകയും മുഖ്യമന്ത്രിയടക്കമുള്ളവരെ കുറ്റപ്പെടുത്തുകയുമാണ് ഗവർണർ. സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകിയിട്ടില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു. റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെടുമെന്നും ഗവർണർ അറിയിച്ചു.