സുല്‍ത്താന്‍ ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം

news image
Dec 9, 2023, 12:49 pm GMT+0000 payyolionline.in

കല്‍പ്പറ്റ:വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ ആക്രമിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് മരിച്ചത്. പാടത്തിന് സമീപത്തായിരുന്നു മൃതദേഹം. ഇവിടെ കടുവയെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്. കാലിന്‍റെ ഭാഗം പൂര്‍ണമായും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചിട്ടുണ്ട്. ജനവാസ മേഖലയിലാണ് സംഭവം. പാടത്ത് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. ഏറെ വൈകിയിട്ടും വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ചുപോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇടതു കാലിന്‍റെ പകുതിയോളം ഭാഗം പൂര്‍ണമായും കടിച്ചുകൊണ്ടുപോയ നിലയിലാണുള്ളത്.

വനാതിര്‍ത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളില്‍ പലപ്പോഴായി കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവയുടെ ആക്രമണ ശ്രമം ഉണ്ടായ സ്ഥലത്ത് തന്നെയാണ്  ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.മാസങ്ങള്‍ക്ക് മുമ്പ് ജനുവരിയില്‍ വയനാട്ടിലെ മാനന്തവാടി പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ഷകനായ തോമസ് ആണ് അന്ന് മരിച്ചത്. തോമസിനെ ആക്രമിച്ച കടുവയെ പിന്നീട് പിടികൂടുകയായിരുന്നു. കടുവ ആക്രമണത്തില്‍ പരിക്കേറ്റ തോമസിനെ ചികിത്സക്കായി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെയായിരുന്നു മരണം.

വയനാട്ടില്‍ ഒരിടവേളക്കുശേഷമാണിപ്പോള്‍ വീണ്ടും കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട ദാരുണ സംഭവമുണ്ടായത്. നേരത്തെ പലപ്പോഴായി ജനവാസ കേന്ദ്രങ്ങളില്‍ കടുവയിറങ്ങുന്നത് ജനങ്ങളെ ഭീഷണിയാലാക്കിയിരുന്നു. അമ്പലവയലില്‍ ഉള്‍പ്പെടെ കടുവയിറങ്ങിയ സംഭവത്തില്‍ നേരത്തെ വലിയ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. തോമസിനെയും കടുവ ആക്രമിച്ച കൊലപ്പെടുത്തിയ സംഭവത്തിനുശേഷം ഈ വര്‍ഷം വയനാട്ടില്‍ കടുവ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടമായ രണ്ടാമത്തെ സംഭവമാണ് മൂടക്കൊല്ലിയിലെ യുവാവിന്‍റെ മരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe