ധന്‍ബാദ്: ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടതിന്റെ ആഘാതത്തില്‍ രണ്ട് യാത്രക്കാര്‍ മരിച്ചു. ജാര്‍ഖണ്ഡിലെ കൊദെര്‍മ ജില്ലയിലാണ് സംഭവം. യാത്രയ്ക്കിടെ റെയില്‍വെ ട്രാക്കിലെ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്നാണ് ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഉച്ചയ്ക്ക് 12.05ഓടെയായിരുന്നു സംഭവം. കൊദെര്‍മ – ഗോമോഗ് റെയില്‍വെ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ പ്രസാബാദ് എന്ന സ്ഥലത്തിന് സമീപത്തായിരുന്നു അപകടം. പുരിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് സഞ്ചരിക്കുകയായിരുന്ന പുരുഷോത്തം എക്സ്പ്രസിന് മുകളിലേക്കാണ് റെയില്‍വെ ട്രാക്കിലെ ഓവര്‍ഹെഡ് വൈദ്യുതി ലൈന്‍ പൊട്ടി വീണതെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ലൈന്‍ പൊട്ടിയതിന് പിന്നാലെ പെട്ടെന്ന് വൈദ്യുതി നിലച്ചു. ഇതോടെ ട്രെയിന്‍ നിര്‍ത്താന്‍ ഡ്രൈവര്‍ എമര്‍ജന്‍സ് ബ്രേക്ക് പ്രയോഗിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ ട്രെയിനില്‍ അനുഭവപ്പെട്ട ശക്തമായ കുലുക്കമാണ് രണ്ട് പേരുടെ ജീവന്‍ നഷ്ടമാവുന്നതിന് കാരണമായതെന്ന് ധന്‍ബാദ് റെയില്‍വേ ഡിവിഷന്‍ സീനിയര്‍ കൊമേഴ്സ് മാനേജര്‍ അമരീഷ് കുമാര്‍ പറഞ്ഞു.