തിരുവനന്തപുരം: സപ്ലൈ കോ കടകളിൽ 13 സബ്സിഡി ഇനങ്ങൾക്ക് വില കൂട്ടാൻ എൽഡിഎഫ് തീരുമാനിച്ച് കഴിഞ്ഞു. പൊതുവിപണിയിൽ വിലക്കയറ്റത്തിൽ കൈപൊള്ളുമ്പോൾ സപ്ലൈകോ സബ്സിഡിയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് മാസം 750രൂപയോളം ലാഭിക്കാൻ ഇപ്പോൾ കഴിയും. ഇതിലാണ് ഇനി മാറ്റംവരുന്നത്.
സബ്സിഡി നോൺ സബ്സിഡി പുറത്തെ വിപണിയിലെ വില വ്യത്യാസം. ഈ താരതമ്യം നോക്കാം. വിലയിൽ വിവിഐപിയായ മുളകിൽ തുടങ്ങും. മുളകിന്റെ ശരിക്കുമുള്ള എരിവിനെക്കാൾ എരിവേറുന്നത് വിലക്കാണ്. 280രൂപ മുതൽ 310 രൂപവരെ പുറത്തെ വിപണിയിൽ വിലയുള്ള മുളകിന് സപ്ലൈകോയിൽ സബ്സിഡി ഇല്ലാത്ത നിരക്ക് 250രൂപയാണ്. പുറത്തെ വിപണിയിൽ നിന്നും മുപ്പത് രൂപ കുറവ്. ഇനി സബ്സിഡി വില നോക്കിയാൽ 75 രൂപയാണ് വില. എന്നാൽ സബ്സിസി മുളക് വാങ്ങാൻ ഇറങ്ങിയാൽ കുറച്ച് ബുദ്ധിമുട്ടും. ഭൂരിഭാഗം ഔട്ട്ലെറ്റുകളിലും കിട്ടാനില്ല.
സബ്സിഡിയിൽ പിന്നെ സാധാരണകാർക്ക് ആശ്വാസമായിരുന്നത് പയർ പരിപ്പ് വർഗങ്ങളാണ്. പുറത്തെ വിപണിയിൽ 150രൂപ കിലോക്ക് വിലയുളള ചെറുപയറിന്. സപ്ലൈക്കോയിലെ നിലവിലെ സബ്സിഡി നിരക്ക് 71രൂപയാണ്. 180 രൂപ വിലയുളള തുവരപരിപ്പിന് സപ്ലൈക്കോ സബ്സിഡി നിരക്ക് രൂപയാണ്. ഒരു കിലോ കടലയുടെ സബ്സിഡി വില 43രൂപയാണ്. ഈ ചെറുപയറിനും കടലക്കും ഒരു വിഐപി വെർഷൻ സപ്ലൈക്കോ കടകളിൽ കിട്ടും. പ്രീമിയം പാക്കറ്റുകൾക്ക് വില പുറത്തെ വിപണിവിലയുടെ അടുത്ത് വരും.
വെളിച്ചണ്ണ അരലിറ്ററാണ് സബ്സിസി ഇനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓപ്പൺ മാർക്കറ്റിൽ 75രൂപ മുതൽ 90രൂപ വരെ വിലയുണ്ട്. സബ്സിഡി ഇല്ലാതെ സപ്ലൈക്കോ വില 70രൂപയാണ്. റേഷൻകാർഡുടമകൾക്ക് സബ്സിഡി നിരക്ക് 46 രൂപയാണ്. അരി ഐറ്റങ്ങൾക്ക് പുറത്തെ വിലയുടെ പകുതിമാത്രമാണ് നിലവിലെ സബ്സിഡി നിരക്ക്. ഇനി സപ്ലൈക്കോ വില കൂട്ടുമ്പോൾ ശരിക്കും സർക്കാർ സാധാരണകാരുടെ വയറ്റത്തടിക്കുന്നത് പ്രധാനമായും അരി ഇനങ്ങളുടെ വില വർദ്ധനവാകും. അരിഉത്പന്നങ്ങൾക്കൾക്ക് വില ഉയർത്തേണ്ടെന്ന് എങ്കിലും തീരുമാനിച്ചാൽ അത് നേരിയ ആശ്വാസമാകും.