ന്യൂഡൽഹി: വിചാരണയ്ക്കിടെ സുപ്രീം കോടതിയിൽ നേരിട്ടു ഹാജരായി ‘കൊല്ലപ്പെട്ട’ 11 വയസ്സുകാരൻ. കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് ‘കൊല്ലപ്പെട്ടതായി’ ആരോപിക്കപ്പെടുന്ന പതിനൊന്നുകാരൻ കോടതിയിൽ ഹാജരായത്. മുത്തച്ഛനേയും അമ്മാവൻമാരേയും കുടുക്കാനായി പിതാവ് കെട്ടിച്ചമച്ചതാണ് കൊലപാതകക്കേസ് എന്ന് ഉത്തർപ്രദേശിലെ പിലിബിത്തിൽനിന്നുള്ള അഭയ് കുമാർ കോടതിയിൽ പറഞ്ഞു. ഇതോടെ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേസിലെ കുറ്റാരോപിതർക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു.
2013ൽ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തേത്തുടർന്ന് അഭയ്‌യുടെ മാതാവ് മരണത്തിനു കീഴടങ്ങിയിരുന്നു. 2010ലായിരുന്നു ഇവരുടെ വിവാഹം. മാതാവിന്റെ മരണശേഷം അവരുടെ പിതാവ് മരുമകനെതിരെ കേസ് ഫയൽ ചെയ്തു. ഇക്കാലയളവിൽ സംരക്ഷണമേറ്റെടുത്ത മുത്തച്ഛനും (അമ്മയുടെ പിതാവ്) അമ്മാവൻമാർക്കുമൊപ്പമായിരുന്നു അഭയ് കഴിഞ്ഞിരുന്നത്. കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അഭയ്‌യുടെ പിതാവ് മുത്തച്ഛനെതിരെ പരാതി നൽകി. ഇതിനുശേഷം പരസ്പരം പഴിചാരി ഇരുകൂട്ടരും കേസ് നൽകുകയായിരുന്നു.
കുട്ടിയുടെ മുത്തച്ഛനും അമ്മാവന്‍മാരും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് പിതാവ് നൽകിയ കേസിലാണ് പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ സുപ്രീം കോടതിയിലെത്തിയ കേസിൽ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനായി ഇവര്‍ക്ക് കുട്ടിയെ ഹാജരാവേണ്ടിവന്നു.
കേസിന്റെ തുടർവാദം ജനുവരിയിലേക്കു മാറ്റി. സംഭവത്തില്‍ വിശദീകരണം തേടി സംസ്ഥാന സർക്കാരിനും പിലിബിത്ത് പൊലീസ് സൂപ്രണ്ട്, നൂറിയ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്കും കോടതി നോട്ടിസ് അയച്ചു.