കാഞ്ഞിരപ്പള്ളി: വീട്ടുവളപ്പിൽ കാപ്പി കുരു പറിച്ചു കൊണ്ടിരുന്ന യുവാവിനെ അമ്മയുടെ മുന്നിലിട്ട് കുത്തി കൊന്നു. മുണ്ടക്കയം ഇഞ്ചിയാനി ആലുംമൂട്ടിൽ ജോസഫ് – ഫിലോമിന ദമ്പതികളുടെ മകൻ ജോയൽ ജോസഫ് (28) ആണു കുത്തേറ്റ് മരിച്ചത്. രാവിലെ എട്ടു മണിയോടു കൂടിയായിരുന്നു സംഭവം.
ജോയലിനെ കുത്തി കൊലപ്പെടുത്തിയ അയൽവാസി ഓണക്കയം വീട്ടിൽ ബിജോയ് (40)നെ മുണ്ടക്കയം പൊലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ജോയലിൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. സംസ്ക്കാരം ഞായറാഴ്ച ഇഞ്ചിയാനി പള്ളിയിൽ നടക്കും. യാതൊരു പ്രകോപനവും കൂടാതെ ജോയലിനെ വിജോയി കുത്തുകയായിരുന്നു. കുത്തിയ ശേഷം സ്വന്തം വീടിനുള്ളിൽ കയറി കതകടച്ച വിജോയിയെ പൊലീസ് എത്തി അറസ്റ്റു ചെയ്തു കൊണ്ടുപോവുകയായിരുന്നു. ജോയലിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോബിൻ ഏക സഹോദരനാണ്.