തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കക്കള്ളിയില്ലാതായതോട ജീവനക്കാരുടേയും പെൻഷൻകാരുടേയും ആനുകൂല്യങ്ങൾക്ക് മുന്നിലും കൈമലർത്തി സംസ്ഥാന സർക്കാർ. ശമ്പള പരിഷ്കരണത്തിന്റെ ആദ്യ ഗഡു പിഎഫിൽ ലയിപ്പിക്കുന്നതിനുള്ള ഉത്തരവ് മരവിപ്പിച്ച് മാസങ്ങളായി. ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച നാല് ശതമാനം കൂടി ചേർത്താൽ ഡിഎ കുടിശിക മാത്രം 22% വരും. എല്ലാറ്റിനും പുറമെ ഡിസംബറിൽ ശമ്പളം കൊടുക്കാനുള്ള പണം കണ്ടെത്താൻ ധനവകുപ്പ് ഇപ്പോൾ തന്നെ നെട്ടോട്ടത്തിലാണ്.
നിലയില്ലാക്കയത്തില്‍ നിന്ന് അന്നന്നത്തെ നിലനിൽപ്പിനുള്ള സമരത്തിലാണ് സംസ്ഥാന ധനവകുപ്പ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളം പെൻഷൻ ചെലവിനത്തിൽ കേരളത്തിന്റെ നീക്കിയിരുപ്പ് 68,282 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ മൊത്തം ചെലവായ 1.76 ലക്ഷം കോടിയുടെ 39 ശതമാനം വരുമിത്. അതായത് 100 രൂപ ചെലവാക്കുമ്പോള്‍ 40 രൂപയും പോകുന്നത് ശമ്പളം പെൻഷൻ ആനുകൂല്യങ്ങൾക്കാണ്. കടമെടുപ്പ് പരിധിയിൽ ബാക്കി വെറും 52 കോടിയാണ്. ഓണക്കാലത്തെ ചെലവ് തീർത്ത ശേഷം കിട്ടാവുന്നിടത്തു നിന്നെല്ലാം പണം ഊറ്റിയാണ് ചെലവുകൾ നടത്തുന്നത്. ഡിസംബറിലെ ശമ്പളത്തിന് എന്ത് എന്തെടുക്കുമെന്ന് ചോദിച്ചാൽ കൊടുത്തല്ലേ പറ്റു എന്ന ഒഴുക്കൻ മറുപടി മാത്രമാണ് ഇപ്പോള്‍ ബാക്കി.
2019 ജൂലൈ മുതലാണ് ശമ്പള പരിഷ്കരണം നടപ്പാക്കിയത്. 2021 ഫെബ്രുവരി 28 വരെയുള്ള കുടിശ്ശിക നാല് ഗഡുക്കളായി പിഎഫിൽ ലയിപ്പിക്കുമെന്നായിരുന്നു ഉറപ്പ്. 2023 ഏപ്രിലിൽ നൽകേണ്ട ആദ്യ ഗഡു സാമ്പത്തിക പ്രതിസന്ധി കാരണം പറഞ്ഞ് ഉത്തരവിറക്കി നീട്ടി, ഒക്ടോബർ ഒന്നിന് കിട്ടേണ്ട രണ്ടാം ഗഡുവിന്റെ കാര്യത്തിലും മിണ്ടാട്ടമില്ല. സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും കിട്ടേണ്ട ഡിഎയിൽ 2021 മുതൽ കുടിശ്ശികയുണ്ട്. ആറ് തവണ കൂട്ടിയ 18 ശതമാനത്തിനൊപ്പം ഈ അടുത്ത മാസങ്ങിലെ നാല് ശതമാനം കൂടി ചേർത്താൽ ആകെ 22,% ഡിഎ വർദ്ധനവാണ് പണമില്ലാ പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന സർക്കാർ കടം പറഞ്ഞ് നിർത്തിയിട്ടുള്ളത്. ശമ്പളവും പെൻഷനും പോലും മുടങ്ങിപ്പോകുമോ എന്ന ആശങ്കയിലൂടെ സംസ്ഥാന സർക്കാർ കടന്ന് പോകുമ്പോൾ കിട്ടാനുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിലും വലിയ ആശങ്കയാണ്.