‘മലപ്പുറത്തെ ജനകീയ ഹോട്ടലുകാർ സമരം ചെയ്തത് ഒരു പാർട്ടിയും പറഞ്ഞിട്ടല്ല, കടക്കെണിയിൽ ആയതോടെ ​ഗതികെട്ടാണ് സമരം നടത്തിയത്’

news image
Nov 10, 2023, 11:50 am GMT+0000 payyolionline.in

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവനക്കെതിരെ മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ. ജനകീയ ഹോട്ടൽ നടത്തിപ്പുകാർ സമരം നടത്തിയത് ഒരു പാർട്ടിയും പറഞ്ഞിട്ടല്ല. സർക്കാരിൽ നിന്നും പണം കിട്ടാതെ കടക്കെണിയിൽ ആയതോടെ ഗതികെട്ടാണ് സമരം നടത്തിയതെന്ന് ഇവർ വ്യക്തമാക്കി. സമരത്തിൽ എല്ലാ പാർട്ടിക്കാരും പങ്കെടുത്തു. ജയരാജന്റെ വാക്കുകൾ വിഷമിപ്പിച്ചു എന്നും അവർ പറഞ്ഞു. ആളുകളിൽ നിന്നും സംഭാവന വാങ്ങിയാണ് തിരുവനന്തപുരത്തേക്ക് പോയതെന്നും മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. പാർട്ടിയുടെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ പണം അവർ തരില്ലേ എന്നും പതിമൂന്നു മാസത്തെ സബ്‌സിഡി പണം കിട്ടാനുണ്ടെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു.

ബാഹ്യസമ്മർദത്തെ തുടർന്നാണ് ജനകീയ ഹോട്ടൽ നടത്തിപ്പുകാരുടെ സമരമെന്നും കുടുംബശ്രീക്കാരെ പിടിച്ചുകൊണ്ടുവന്ന് സമരം ചെയ്യിക്കുന്നു എന്നുമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ കുടുംബശ്രീ പ്രവർത്തകർ നടത്തിയ സമരത്തെക്കുറിച്ച് ഇ പി ജയരാജൻ പറഞ്ഞത്. പിന്നിൽ യുഡിഎഫും ബിജെപിയുമാണെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു. എല്ലാ പണവും ഒന്നിച്ച് കൊടുക്കാൻ കഴിയുമോ എന്നും ഇ പി ജയരാജൻ ചോദിച്ചു.

മന്ത്രിസഭാ പുനഃസംഘടന നേരത്തെ തീരുമാനിച്ചത് പോലെ നടക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാരാകും. ഗണേഷിനു മന്ത്രിയാകുന്നതിൽ ഒരു തടസ്സവും ഇല്ല. വിചാരണ നേരിടുന്നത് കൊണ്ട് ഗണേഷ് കുറ്റക്കാരൻ ആകുന്നില്ല. നവകേരള സദസ്സിന് മുൻപ് മന്ത്രിസഭാ പ്രവേശം വേണമെന്ന് കേരള കോൺഗ്രസ്‌ ബി ആവശ്യപ്പെട്ടിട്ടില്ല.കേരളീയത്തിന് ചെലവായ തുകയുടെ പതിന്മടങ്ങ് വ്യാപാരമുണ്ടായി. ആ പണം കേരളം മുഴുവൻ ചലിക്കുകയാണെന്നും ജയരാജൻ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe