ഡീപ് ഫേക്ക് തട്ടിപ്പ്: രാജ്യത്ത് ആദ്യ അറസ്റ്റ്; പൊക്കിയത് കേരളാ പൊലീസ്

news image
Nov 9, 2023, 12:05 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഗുജറാത്തില്‍ നിന്ന് പിടികൂടി കേരളാ പൊലീസ്. കോഴിക്കോട് സൈബര്‍ ക്രൈം പൊലീസും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലെ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഡീപ് ഫേക്ക് ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്തിയതിന് രാജ്യത്തെ ആദ്യ അറസ്റ്റാണിതെന്ന് പൊലീസ് പറഞ്ഞു. 

തട്ടിപ്പിനായി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കിയ മെഹസേന സ്വദേശി ഷേക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായ് ആണ് അറസ്റ്റിലായത്. നിരവധി മൊബൈല്‍ നമ്പറുകളും ഫോണുകളും ഉപയോഗിക്കുന്ന പ്രതിയെ മെഹസേനയില്‍ ദിവസങ്ങളോളം താമസിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇയാള്‍ ഗുജറത്തിലും കര്‍ണാടകത്തിലും സമാനസ്വഭാവമുള്ള കേസുകളില്‍ ഉള്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് വിരമിച്ച കോഴിക്കോട് സ്വദേശിയെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ശബ്ദവും വീഡിയോയും ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തി വീഡിയോ കോള്‍ മുഖേന കബളിപ്പിച്ച് പണം തട്ടിയെടുത്തുവെന്നായിരുന്നു പരാതി. സൈബര്‍ പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് 24 മണിക്കൂറിനകം തന്നെ പണം തിരിച്ചുപിടിക്കാന്‍ സാധിച്ചിരുന്നു. പരാതിക്കാരന്റെ കൂടെ നേരത്തെ ജോലി ചെയ്തിരുന്നയാള്‍ എന്ന വ്യാജേന വാട്‌സ്ആപ്പ് വോയിസ് കോളില്‍ വിളിച്ചാണ് തട്ടിപ്പുകാരന്‍ പണം ആവശ്യപ്പെട്ടത്. അടുത്ത ബന്ധുവിന്റെ ഓപ്പറേഷനു വേണ്ടി 40,000 രൂപ വേണമെന്നായിരുന്നു ആവശ്യം. വീഡിയോ കോളില്‍ സംസാരിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്ത പണം അഹമ്മദാബാദിലെ ഒരാളുടെ അക്കൗണ്ടിലേയ്ക്കും തുടര്‍ന്ന് ഗോവയിലെ മറ്റൊരു അക്കൗണ്ടിലേയ്ക്കും എത്തിയെന്നും അന്വേഷണത്തില്‍ മനസിലായി. ഗുജറാത്തിലെ അക്കൗണ്ടിന്റെ ഉടമയാണ് പ്രതികളില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേഷ് കോറോത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍.എം, സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബീരജ് കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സാമ്പത്തികത്തട്ടിപ്പില്‍പ്പെട്ടാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ വിവരം അറിയിക്കുന്നത് പണം തിരിച്ചുപിടിക്കാന്‍ സഹായകമാകുമെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe