മണിപ്പൂരിൽ പലയിടത്തും സംഘർഷം: വെടിവെപ്പിൽ 7 പേർക്ക് പരിക്ക്

news image
Nov 8, 2023, 3:41 am GMT+0000 payyolionline.in

ഇംഫാൽ: മണിപ്പൂരിൽ പലയിടത്തും സംഘർഷാവസ്ഥ തുടരുന്നു. സംഘർഷത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഒരു സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘർഷമുണ്ടായത്. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ അടിയന്തര നടപടി വേണമെന്ന് കരസേന ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മണിപ്പൂരിലെ ഇംഫാലിൽ വീണ്ടും ആയുധം കൊളളയടിക്കാൻ ശ്രമം നടന്നിരുന്നു. രാജ്ഭവന് സമീപമുള്ള ഐആർബി ക്യാംപിലേക്ക് ആൾക്കൂട്ടം ഇരച്ചു കയറി. ജനക്കൂട്ടത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഇംഫാലിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. ക്യാംങ്പോപി ജില്ലയിലാണ് കുക്കിസംഘടന 48 മണിക്കൂർ ബന്ദ് നടത്തിയത്.

കൂടാതെ മണിപ്പൂരിലെ . മൊറേയിൽ പൊലീസുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ചിങ് തം ആനന്ദ് എന്ന പൊലീസ് ഓഫീസറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ കുക്കി സായുധ സംഘമാണെന്നാണ് പ്രാഥമിക വിവരം. മോറെ സബ് ഡിവിഷണൽ പൊലീസ് ഓഫീസറാണ് (എസ് ഡി പി ഒ) ചിങ് തം ആനന്ദ്. അതിർത്തി പട്ടണത്തിൽ പുതുതായി നിർമ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പൊലീസ് ഓഫീസറുടെ വയറ്റിലൂടെ വെടിയുണ്ട തുളച്ച് കയറുകയായിരുന്നു. പരിക്കേറ്റ എസ് ഡി പി ഒയെ മോറെയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe