ഡൽഹി വായുമലിനീകരണം: വൈക്കോൽകത്തിക്കൽ ഉടൻ അവസാനിപ്പിക്കണമെന്ന്‌ സുപ്രീംകോടതി

news image
Nov 7, 2023, 1:23 pm GMT+0000 payyolionline.in

ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) വായുമലിനീകരണം അതിരൂക്ഷമായ പശ്‌ചാത്തലത്തിൽ പഞ്ചാബ്‌, രാജസ്ഥാൻ, ഉത്തർപ്രദേശ്‌ സംസ്ഥാനങ്ങളിൽ കർഷകർ വൈക്കോൽ കൂട്ടിയിട്ട്‌ കത്തിക്കുന്നത്‌ തടയണമെന്ന്‌ സുപ്രീംകോടതി. വായുമലിനീകരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്‌ വൈക്കോൽ കത്തിക്കലെന്നും അത്‌ തടയാൻ അടിയന്തിരനടപടികൾ സ്വീകരിക്കണമെന്നും ജസ്‌റ്റിസ്‌ സഞ്‌ജയ്‌കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു.

ചീഫ്‌സെക്രട്ടറിയുടെയും ഡിജിപിയുടെയും മേൽനോട്ടത്തിൽ ബന്ധപ്പെട്ട സ്‌റ്റേഷൻഹൗസ്‌ ഓഫീസർമാർ വൈക്കോൽ കത്തിക്കുന്നത്‌ തടയണം.  മൂന്ന്‌ സംസ്ഥാനങ്ങളും ബുധനാഴ്‌ച്ച തന്നെ യോഗം ചേർന്ന്‌ ആവശ്യമായ കർമപദ്ധതികൾ തയ്യാറാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഖരമാലിന്യവസ്‌തുക്കൾ പൊതുസ്ഥലങ്ങളിൽ കത്തിക്കുന്നില്ലെന്ന്‌ ഡൽഹി സർക്കാർ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശനം നൽകി. അതേസമയം, മലിനീകരണം തടയാൻ സ്ഥാപിച്ചിട്ടുള്ള ‘സ്‌മോഗ്‌ ടവറുകൾ’ പലസ്ഥലങ്ങളിലും പ്രവർത്തനരഹിതമാണെന്ന്‌ അമിക്കസ്‌ക്യൂറി അപരാജിതാസിങ്ങ്‌ കോടതിയെ അറിയിച്ചു. പരിഹാസ്യമായ സാഹചര്യമാണ്‌ നിലവിലുള്ളതെന്ന്‌ വിമർശിച്ച കോടതി, സ്‌മോഗ്‌ടവറുകൾ എത്രയും വേഗം നന്നാക്കാൻ ഉത്തരവിട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe