ദില്ലി: വായുമലിനീകരണം കടുത്ത ദില്ലയില്‍ ജന ജീവിതം കടുത്ത പ്രതിസന്ധിയില്‍. ദീപാവലി കൂടെ എത്തുന്നതോടെ കാര്യങ്ങള്‍ എവിടെ എത്തി നില്‍ക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് ദില്ലി സര്‍ക്കാരിന്റെ തീരുമാനം. ദീപാവലിക്ക് ശേഷം 13 മുതൽ 20 വരെ നിരത്തുകളിൽ ഒറ്റ-ഇരട്ട വാഹന നിയന്ത്രണം വീണ്ടും നടപ്പിലാക്കും. 10, 12 ക്ലാസുകൾ ഒഴികെ രാജ്യതലസ്ഥാനത്തുടനീളമുള്ള എല്ലാ സ്കൂളുകളും നവംബർ 10 വരെ അടച്ചിടും.
വാഹനം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം വന്നിട്ടുള്ളത്. രജിസ്ട്രേഷൻ നമ്പറിൻ്റെ അവസാന അക്കം നോക്കി ഒന്നിടവിട്ടുള്ള ദിവസങ്ങളിലാകും നിയന്ത്രണം ഏര്‍പ്പെടുത്തുക. ബിഎസ് 3 പെട്രോള്‍ വാഹനങ്ങള്‍ക്കും ബിഎസ് 4 ഡീസൽ വാഹനങ്ങള്‍ക്കുമുളള നിയന്ത്രണം തുടരും, നിയമം ലംഘനത്തിന് 20000 രൂപ പിഴയീടാക്കാനും തീരുമാനമായിട്ടുണ്ട്. അവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളൊഴികെ നിരത്തിലിറങ്ങുന്നതിനും നിയന്ത്രണമുണ്ട്.