അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ. ദുബൈ, അബുദാബി, ഷാര്‍ജ റോഡുകളില്‍ ശക്തമായ മഴയാണ് പെയ്തത്. ഇന്ന് രാത്രി 8.30വരെ അസ്ഥിരമായ കാലാവസ്ഥക്ക് സാധ്യതയുള്ളതിനാല്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താമസക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമം ഷാര്‍ജയിലെ മരുപ്രദേശത്ത് ആലിപ്പഴവര്‍ഷവും ഉണ്ടായി. ശക്തമായ മഴയെ തുടര്‍ന്ന് ദുബൈ റോഡില്‍ ദൂരക്കാഴ്ച കുറഞ്ഞു. വാദികളിലും വെള്ളക്കെട്ടുകളിലും പോകരുതെന്ന് അബുദാബി പൊലീസ് ശനിയാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളം നിറഞ്ഞ താഴ്വരകളില്‍ പോകുന്നത് നിയമലംഘനമായി കണക്കാക്കും. 2,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകള്‍ക്കും പുറമെ നിയമലംഘകരുടെ വാഹനങ്ങള്‍ 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.