പത്തനംതിട്ട: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ വിവാദത്തിൽ മാധ്യമ പ്രവർത്തകക്ക് ഒപ്പമെന്ന് മന്ത്രി വീണ ജോർജ്. പൊതു പ്രവർത്തകന് ചേർന്ന പ്രവർത്തിയല്ല സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അവർ പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലാണ് വിവാദ സംഭവം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകയുടെ ചുമലിലാണ് സുരേഷ് ഗോപി സ്പര്‍ശിച്ചത്. മാധ്യമപ്രവർത്തക ഒഴിഞ്ഞുമാറിയപ്പോൾ സുരേഷ് ഗോപി വീണ്ടും കൈ ചുമലിൽ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറഞ്ഞു.
അതേസമയം ഷവർമ കഴിച്ച് മരണം സംശയിക്കുന്ന തൃക്കാക്കരയിലെ ഹോട്ടലുമായി ബന്ധപ്പെട്ട സംഭവത്തിൽ പരിശോധനാഫലം കിട്ടിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കൂടുതൽ നിയന്ത്രങ്ങളെ കുറിച്ച് റിപ്പോർട്ട് കിട്ടിയ ശേഷം ആലോചിക്കുമെന്നും വ്യക്തമാക്കി.