കൊച്ചി: ദേശീയ ഗെയിംസിൽ നിന്ന് വോളിബാൾ മത്സരം ഒഴിവാക്കിയതിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ഹൈകോടതിയുടെ വിമർശനം. അധികാരികളുടെ തർക്കങ്ങളുടെ പേരിൽ താരങ്ങളുടെ ഭാവി കളയുകയാണ് അസോസിയേഷൻ ചെയ്യുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ആഭ്യന്തര തർക്കത്തിന്റെ പേരിൽ താരങ്ങൾക്ക് അവസരം നിഷേധിക്കുന്നത് നാണക്കേടാണ്. താരങ്ങളോട് സഹാനുഭൂതി പ്രകടിപ്പിക്കാനേ കഴിയൂവെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ തവണ മെഡൽ വാങ്ങിയ താരങ്ങളെയാണ് ഒഴിവാക്കിയത്. അഡ്ഹോക് കമ്മിറ്റി ഒക്ടോബർ 21ന് വോളിബാൾ താരങ്ങളെ ഉൾപ്പെടുത്തേണ്ടെന്ന് അറിയിച്ചിരുന്നതാണ്. ഈ സാഹചര്യത്തിൽ കോടതി നിസ്സഹായാവസ്ഥയിലാണ്. ഒളിമ്പിക്സ് അസോസിയേഷൻ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യക്തമാക്കിയ കോടതി, ഹരജിയിലെ നടപടികൾ അവസാനിപ്പിച്ചു.
കേസ് പരിഗണിച്ച ഉടൻ ടീമുകളെ ഇനി തെരഞ്ഞെടുക്കാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. എന്നാൽ, ദേശീയ ഗെയിംസ് തുടങ്ങിയെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. തുടർന്ന് അസോസിയേഷൻ ഭാരവാഹികളോട് സംസാരിക്കാൻ അഭിഭാഷകന് കോടതി സമയം നൽകിയശേഷം ഹരജി വീണ്ടും പരിഗണിക്കുകയായിരുന്നു. താരങ്ങളെ ഉൾപ്പെടുത്താനാവില്ലെന്ന് അസോസിയേഷൻ വീണ്ടും കോടതിയെ അറിയിച്ചു.
റോളി പഥക് ഉൾപ്പെടെ നാല് കേരള വോളിബാൾ താരങ്ങളും പുരുഷ, വനിത ടീം കോച്ചുമാരുമടക്കം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.