‘ഇൻക്വസ്റ്റ് നടത്താൻ ആർഡിഒ എത്തിയില്ല, മരണത്തിൽ ദുരൂഹത’: കുറ്റ്യാടിയിലെ പൊലീസുകാരന്റെ മരണത്തിൽ പ്രതിഷേധം

news image
Oct 24, 2023, 8:33 am GMT+0000 payyolionline.in

കോഴിക്കോട്∙ കുറ്റ്യാടിയിൽ ആത്മഹത്യ ചെയ്ത സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധീഷിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ ആർഡിഒ എത്താതിരുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആംബുലൻസ് തടഞ്ഞു. ബഹളങ്ങൾക്കൊടുവിൽ രാത്രി 12 മണിയോടെയാണ് വാഹനം കടത്തിവിടാൻ അനുവദിച്ചത്. സുധീഷിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ പൊലീസുകാർ ഒളിപ്പിച്ചതായി മണ്ഡലം കോൺഗ്രസ് കമ്മറ്റി ആരോപിച്ചു.

 

ഇന്നലെ രാവിലെ 11 മണിയോടെയാണ് ഡ്യൂട്ടിക്കിടെ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പാതിരിപ്പറ്റ സ്വദേശി സുധീഷിനെ കാണാതായത്. രാവിലെ പൊലീസ് സ്റ്റഷനിൽ എത്തുകയും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുധീഷിനോട് ഒരു ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസം മുൻപ് ഡിവൈഎസ്പിയും ഇതേ കേസുമായി ബന്ധപ്പെട്ട് സുധീഷിനോട് സംസാരിച്ചിരുന്നു.

 

തുടർന്ന് ഇന്നലെ 11 മണിയോടെ പൊലീസ് സ്റ്റേഷനിൽനിന്ന് പുറത്തു പോയ സുധീഷിനെ പിന്നീട് ആരും കണ്ടിട്ടില്ല. വൈകുന്നേരം തൊട്ടടുത്തുള്ള കെട്ടിടത്തിൽ സുധീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ സുധീഷിനു മേൽ സമ്മർദ്ദമുണ്ടായിരുന്നതായാണ് വിവരം. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ രേഖകൾ തയാറാക്കാനുള്ള ചുമതല സുധീഷിന് നൽകിയിരുന്നു. വീട്ടിലെത്തിയാലും സുധീഷ് ഇതിന്റെ പിരിമുറുക്കത്തിലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

സുധീഷിന്റെ ഇൻക്വസ്റ്റ് നടപടികൾ നടത്താൻ വൈകിയതായി ബന്ധുക്കൾ അടക്കം ആരോപിച്ചു. ഇതേത്തുടർന്ന് ഇന്നലെ വൈകിട്ട് സുധീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നാട്ടുകാരുടെ കനത്ത പ്രതിഷേധം അരങ്ങേറി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ആരും സ്ഥലത്ത് എത്തിയില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. രാത്രി പന്ത്രണ്ടോടെയാണ് മൃതദേഹം വിട്ടുനൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe