കൊച്ചി/മരട്: നഗരപരിധിയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയവ പിടികൂടി. 52 ഓയോ ഹോട്ടലുകളിലാണ് ബുധനാഴ്ച ‘ഓപറേഷൻ ഓയോ’ നടത്തിയത്.
തൃക്കാക്കര പടമുകൾ ഭാഗത്തുള്ള വൈറ്റ് ക്ലൗഡ്സ് റെസിഡൻസിയിൽ തൃക്കാക്കര പൊലീസ് നടത്തിയ പരിശോധനയിൽ 200 ഗ്രാം കഞ്ചാവും എയർപിസ്റ്റളും പിടികൂടി. കളമശ്ശേരി പള്ളിലാംകര പേഴങ്കൽ വീട്ടിൽ പി.ആർ. രാഹുൽ (25), കൊല്ലം കുണ്ടറ ഫൗസി മൻസിലിൽ ഫൗസി എന്നിവരെയാണ് ഇതോടൊപ്പം പിടികൂടിയത്.
വൈറ്റില ഹബിന്റെ പരിസരത്ത് മരട് പൊലീസ് നടത്തിയ പരിശോധനയിൽ ഇരുമ്പനം ഒഴിക്കാനാട്ടുപറമ്പ് സുജിത്ത് (27) ഒമ്പതു ഗ്രാം എം.ഡി.എം.എ, നാല് ഗ്രാം കഞ്ചാവ് എന്നിവയുമായി പിടിയിലായി. കാക്കനാട്-ഇൻഫോപാർക്ക് എക്സ്പ്രസ് റോഡിലുള്ള സൺ പോൾ അപ്പാർട്മെന്റിൽ ഇൻഫോപാർക്ക് പൊലീസ് നടത്തിയ പരിശോധനയിൽ തമിഴ്നാട് സ്വദേശിയായ അനിരുദ്ധ് ബാലാജിയെ 13.5 ഗ്രാം കഞ്ചാവുമായി പിടികൂടി. ഇൻഫോപാർക്ക് സിൽവർ കീ അപ്പാർട്മെന്റിൽ നടത്തിയ പരിശോധനയിൽ കോട്ടയം അതിരമ്പുഴ സ്വദേശി സൗരവ് ഇ-സിഗരറ്റുകളുമായി പിടിയിലായിട്ടുണ്ട്.
സിറ്റി പൊലീസ് കമീഷണർ എ. അക്ബറിന്റെ നിർദേശപ്രകാരം ഡി.സി.പി എസ്. ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.