പാലക്കാട്: ജീവനക്കാരുടെ നിർബന്ധത്തിന് വഴങ്ങി റേഷൻ ഭക്ഷ്യധാന്യങ്ങൾ കടത്തുന്ന വാഹനങ്ങളിലെ ജി.പി.എസിൽ ഇളവ് നൽകി സപ്ലൈകോ. സോഫറ്റ് വെയർ സംവിധാന പ്രകാരം ട്രിപ് ഷെഡ്യൂൾ ചെയ്യാൻ ശ്രമിക്കുമ്പോൾ ഡേറ്റ ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് സപ്ലൈകോ സി.എം.ഡി പദ്ധതി നടപ്പാക്കുന്നതിൽ ഒരുമാസത്തെ ഇളവ് അനുവദിച്ചത്. എഫ്.സി.ഐ, സി.എം.ആർ മില്ലുകളിൽനിന്ന് വിട്ടെടുപ്പ് നടത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുവെന്നും പരാതിയുണ്ട്.
ഭൂരിഭാഗം താലൂക്കുകളിലും സംവിധാനം നടപ്പിക്കുന്നതിൽ വിമുഖത കാണിക്കുന്നതിനാൽ റേഷൻ വിതരണത്തെ കാര്യമായി ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. അതേസമയം, നിലവിൽ ജി.പി.എസ് സംബന്ധിച്ച് ഒരു പ്രശ്നവുമില്ലെന്ന് പദ്ധതി നല്ല രീതിയിൽ നടപ്പാക്കുന്ന തൃശൂർ, പാലക്കാട്, പെരിന്തൽമണ്ണ താലൂക്കുകളിലെ കരാറുകാരും ഉദ്യോഗസ്ഥരും പറയുന്നു.
ജി.പി.എസ് പ്രവർത്തിപ്പിക്കണമെന്നും വി.ടി.എഫ്.എം.എസ് (വെഹിക്കിൾ ട്രാക്കിങ് ആൻഡ് ഫ്ലീറ്റ് മാനേജ്മന്റെ് സിസ്റ്റം) സോഫറ്റ് വെയർ മുഖേന വാഹനങ്ങളുടെ ഡേറ്റ കൈമാറിയാൽ മാത്രമേ പണം അനുവദിക്കുകയുള്ളൂവെന്നും കേന്ദ്രം കർശന നിലപാട് എടുത്തതോടെയാണ് ഒക്ടോബർ മുതൽ റേഷൻ ഭക്ഷ്യധാന്യങ്ങൾ കടത്തുന്ന എല്ലാ വാഹനങ്ങളിലും സംവിധാനം നടപ്പാക്കണമെന്ന് എൻ.എഫ്.എസ്.എ മാനേജർ ഡിപ്പോ മാനേജർമാർക്ക് നിർദേശം നൽകിയത്.
വി.ടി.എഫ്.എം.എസ് സോഫറ്റ് വെയർ സംബന്ധമായി ബന്ധപ്പെട്ട് സൈപ്ലകോയിലെയും വകുപ്പിലെയും ഉദ്യോഗസ്ഥർ നിരവധി തവണ പരിശീലനം നൽകിയിട്ടും പദ്ധതി ഇതുവരെ പൂർണതോതിൽ നടപ്പാക്കാൻ സാധിച്ചിട്ടില്ല. സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിൽ വീണ്ടും ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിരുന്നു. 2017ൽ ഭക്ഷ്യഭദ്രത നിയമം കൊണ്ടുവന്ന് ആറു വർഷമായിട്ടും നിയമത്തിലെ സുപ്രധാന തീരുമാനമാണ് ഇനിയും എങ്ങുമെത്താത്തത്.
സർക്കാറിന്റെ നൂറിന പരിപാടികളിൽ 2022 മാർച്ച് 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതി മേയ് 31നകം നടപടി പൂർത്തിയാക്കി റേഷൻ ശേഖരണ-വിതരണത്തിനുള്ള വാഹനങ്ങളുടെ സഞ്ചാരം സുതാര്യമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.