തൃശൂർ: യുവനടിയോട് ഫ്ലൈറ്റിൽ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് തൃശൂർ സ്വദേശി ആന്റോ. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്നും വിമാനത്തിലെ ജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നുവെന്നും ആന്റോ ഹർജിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി മലയാളത്തിലെ യുവനടി രംഗത്തെത്തിയത്. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവമുണ്ടായത്. സഹയാത്രക്കാരൻ തന്നോട് തട്ടിക്കയറി സംസാരിച്ചു എന്നും ഇയാൾ മദ്യപിച്ചിരുന്നതായും ഉള്ള ആക്ഷേപം നടി ഉന്നയിച്ചിരുന്നു. ഒപ്പം തന്നെ ഇയാൾ ശരീരത്തിൽ സ്പർശിച്ചതായും നടി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത്, പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം നടത്തിയത്. ഇന്ന് രാവിലെയും കൂടി ഇയാളുടെ വീട്ടിൽ പൊലീസ് എത്തി അന്വേഷിച്ചിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനോ മൊഴിയെടുക്കാനോ സാധിച്ചില്ല.
ഇതിനിടയിലാണ് ഇയാൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. താൻ ഗ്രൂപ്പ് ടിക്കറ്റിൽ യാത്ര ചെയ്ത ആളാണ്, സീറ്റുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു എന്ന് ആന്റോ പറയുന്നു. നടിയുടെ സീറ്റിലാണ് താൻ ഇരുന്നിരുന്നത് എന്നും ഇയാൾ വ്യക്തമാക്കി. പിന്നീട് എയർഹോസ്റ്റസ് ഇടപെട്ട് നടിക്ക് മറ്റൊരു സീറ്റ് നൽകി പ്രശ്നം പരിഹരിച്ചതാണന്നും ഇയാൾ വെളിപ്പെടുത്തി. പിന്നീട് ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാതി വന്നതെന്ന് അറിയില്ലെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്.
ഇയാൾ ഹർജിയിൽ പറയുന്ന മറ്റൊരു കാര്യം ഫ്ലൈറ്റ് മുംബൈയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പാണ് തർക്കമുണ്ടാകുന്നത്. നെടുമ്പാശ്ശേരി പൊലീസിന്റെ അധികാര പരിധിയിലല്ല ഈ കേസ് വരുന്നത്. അതുകൊണ്ട് ഇവിടെ കേസെടുക്കാൻ ആകില്ലെന്നും ഇയാൾ ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. മുൻകൂർ ജാമ്യം അനുവദിക്കുന്നത് വരെ തന്റെ അറസ്റ്റ് തടയണമെന്നും ഇയാൾ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.