പട്ന: ബിഹാറിലുണ്ടായ ട്രെയിനപകടത്തിന് പിന്നാലെ പത്ത് ട്രെയിനുകൾ റദ്ദാക്കി. 21 ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ഇന്ത്യൻ റെയിൽവേ അറിയിച്ചു. പട്ന-കാശി ജൻശതാബ്ദി (15126), കാശി പട്ന ജൻശതാബ്ദി എക്സ്പ്രസ് (15125) എന്നീ ട്രെയിനുകൾ ഉൾപ്പെടെ എട്ടോളം ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
അപകടത്തിൽ നാല് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഡൽഹി-കമാഖ്യ നോർത്ത് ഈസ്റ്റ് എക്സ്പ്രസാണ് പാളം തെറ്റിയത്. ബുധനാഴ്ച രാത്രി രഘുനാഥ്പൂർ സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ആറ് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തിൽ എഴുപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
രണ്ട് എ.സി ത്രീ ടയർ കോച്ചുകൾ മറിയുകയും നാല് മറ്റ് കോച്ചുകൾ പാളം തെറ്റുകയുമായിരുന്നു. സംഭവം നടന്നയുടൻ പ്രദേശവാസികൾ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തത് മരണനിരക്ക് കുറക്കാൻ സഹായിച്ചതായാണ് റിപ്പോർട്ട്. അതേസമയം അപകടത്തിന്‍റെ കാരണം അന്വേഷിക്കുമെന്നും മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ബിഹാർ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.