ഇലന്തൂർ ന​രബലി കേസ്: വിയ്യൂർ ജയിലിലെത്തി ക്രൈം ബ്രാഞ്ച്, പ്രതികളെ ചോദ്യം ചെയ്തു

news image
Oct 11, 2023, 5:46 am GMT+0000 payyolionline.in

തൃശൂർ:  ഇലന്തൂരിലെ സരോജിനി കൊലക്കേസിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് തിരുവല്ല സംഘം ഭഗവൽ സിംഗ്, ലൈല, ഷാഫി എന്നിവരെ ചോദ്യം ചെയ്തു. വിയ്യൂർ ജയിലിലെത്തിയാണ് ചോദ്യം ചെയ്തത്. 2018ൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസ് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്തതാണെന്നും തെളിവുകൾ ഒന്നും കിട്ടിയിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു. വീട്ടുജോലിക്ക് പോകുന്ന സരോജിനിയെ ദുരൂഹ സാഹചര്യത്തിൽ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലാവുന്നത്.

 

 

അതേസമയം, ഇലന്തൂർ ഇരട്ട നരബലി കേസിൽ 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം നൽകിയെങ്കിലും കേരളത്തെ നടുക്കിയ പ്രാകൃതമായ കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഒരു പ്രോസിക്യൂട്ടറെ നിയമിക്കാൻ ഇതുവരെ സർക്കാറിന് കഴിഞ്ഞിട്ടില്ല. വിചാരണ വൈകുന്നതിൽ കൊല്ലപ്പെട്ടവരുടെ കുടുംബവും നിരാശയിലാണ്. കുടുംബത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് മനുഷ്യരെ ബലി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ഭഗവൽ സിംഗും ഭാര്യ ലൈലയുമായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്. ഇലന്തൂരിലെ വീട്ടിലൊരുക്കിയ ആഭിചാര കളത്തിലേക്ക് നിരാലംബരായ രണ്ട് സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് എത്തിച്ചത് കൊച്ചിയിലെ ഹോട്ടൽ തൊഴിലാളിയായ മുഹമ്മദ് ഷാഫിയാണ്. ലോട്ടറി കച്ചവടക്കാരായ തമിഴ്നാട് സ്വദേശി പദ്മയും വടക്കാഞ്ചേരിയിലെ റോസ്ലിനുമായിരുന്നു ഇരകൾ.

 

 

കടവന്ത്ര പോലീസിന് ലഭിച്ച മിസ്സിംഗ് പരാതിയിലെ അന്വേഷണമാണ് കേട്ടുകേൾവിയില്ലാത്ത കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറംലോകത്ത് എത്തിച്ചത്. 90 ദിവസത്തിനുള്ളിൽ കാലടി പൊലീസും കടവന്ത്ര പോലീസും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി. എന്നാൽ കൊലപാതകത്തിന് ഒരു വർഷമെത്തുമ്പോൾ വിചാരണ നടപടികൾ എങ്ങുമെത്തിയിട്ടില്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe