ഇസ്രയേൽ തീരത്തേക്ക് അമേരിക്കൻ യുദ്ധക്കപ്പലും വിമാനങ്ങളും ; ഗാസയിൽ ഹമാസിന്റെ ഭരണം ഇനിയുണ്ടാകില്ല: ജൊനാഥൻ

news image
Oct 9, 2023, 3:28 pm GMT+0000 payyolionline.in

വാഷിങ്ടൺ: ഇസ്രയേൽ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിനെത്തുടർന്ന് പിന്തുണയുമായി അമേരിക്ക സൈനിക നീക്കങ്ങൾ ആരംഭിച്ചു. ഹമാസ് നടത്തിയ ആക്രമണത്തിൽ നിരവധി യുഎസ് പൗരൻമാർ കൊല്ലപ്പെട്ടുവെന്ന് യുഎസ് വക്താവ് അറിയിച്ചു. എന്നാൽ എത്ര പേർ കൊല്ലപ്പെട്ടുവെന്നോ ആരൊക്കെയെന്നോയുള്ള വിവരം പുറത്തുവിട്ടിട്ടില്ല. ഇസ്രയേലിലും ഗാസയിലുമായി ഇതുവരെ 1200 പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം.

യുഎസ് നേവിയുടെ  യുഎസ്എസ് ജെറാർഡ് ഫോർഡ് എന്ന യുദ്ധക്കപ്പൽ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് തിരിച്ചു. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്എസ് ജെറാർഡ് ഫോർഡ്. ഇറ്റലിയുടെ സമീപത്തായിരുന്ന കപ്പലാണ് ഇസ്രയേലിന് അടുത്തേക്ക് നീങ്ങുന്നത്. എഫ്-35, എഫ്-15, എഫ്-16, എ-10 സ്ക്വാഡ്രൺ വിമാനങ്ങളും മേഖലയിലേക്ക് തിരിക്കും.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേൽ പ്രധാനമന്ത്രി ബെ‍ന്യാമിൻ നെതന്യാഹു ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയത്. ഗാസയിലേക്ക് ഒരു ലക്ഷം റിസർവ് സൈന്യത്തെ അയയ്ക്കുമെന്ന് ഇസ്രയേലി സൈനിക വക്താവ് ജൊനാഥൻ കോൺറികസ് അറിയിച്ചു. ഇസ്രയേൽ ജനത്തെ ഒരു വിധത്തിലും  ആക്രമിക്കാൻ ഹമാസിന് സാധിക്കാത്ത വിധം യുദ്ധം അവസാനിപ്പിക്കും. ഗാസയിൽ ഹമാസിന്റെ ഭരണം ഇനിയുണ്ടാകില്ലെന്നും ഉറപ്പുവരുത്തുമെന്നും ജൊനാഥൻ പറഞ്ഞു.

ഇസ്രയേൽ വ്യോമാക്രമണത്തിൽ കിബുത്സ, കരാമിയ, അഷ്കെലോൺ എന്നീ പ്രദേശങ്ങൾ തകർന്നു. വീടുകളു അപ്പാർട്മെന്റുകളും കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ഗാസയിലുള്ള 1.24 ലക്ഷത്തോളം ആൾക്കാരെ യുദ്ധം ബാധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe