തിരുവനന്തപുരം> ആധാർ അപ്ഡേഷനിൽ ദേശീയതലത്തിൽ ഒന്നാമതായി കേരളം. സെപ്‌തംബർവരെയുള്ള കാലയളവിൽ യുഐഡിഎഐയുടെ കണക്കുപ്രകാരം ആധാർ അപ്‌ഡേഷനിൽ മലപ്പുറം, എറണാകുളം, കണ്ണൂർ ജില്ലകൾ ഇന്ത്യയിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്. കേരളത്തിലെ മറ്റ് 11 ജില്ലയും ആദ്യ 20ൽ ഇടംപിടിച്ചു.
പത്ത് വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള ആധാറുകളാണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്. തിരിച്ചറിയൽ രേഖ, മേൽവിലാസ രേഖ, മൊബൈൽ നമ്പർ, ഫോട്ടോ എന്നിവയോ ഏതെങ്കിലും ഒന്നോ അക്ഷയ സെന്ററുകൾ, മറ്റ് ആധാർ സേവനകേന്ദ്രങ്ങൾ, യുഐഡിഎഐയുടെ ഓൺലൈൻ പോർട്ടൽ എന്നിവ മുഖാന്തരം അപ്ഡേറ്റ് ചെയ്യണം. സംസ്ഥാന ഐടി മിഷനും കലക്ടറേറ്റുകളും അക്ഷയ ജില്ലാ ഓഫീസുകളും നിരവധി ക്യാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നു. യുഐഡിഎഐയുടെ കേരള സംസ്ഥാന ഓഫീസ് എല്ലാ ജില്ലകളിലും ത്രൈമാസ അവലോകന യോഗങ്ങൾ സംഘടിപ്പിച്ചാണ് കണക്കുകൾ അവലോകനം ചെയ്യുന്നത്.