മാലിന്യ സംസ്‌കരണ പ്ലാന്റ്‌ നിർമാണവുമായി 
സർക്കാർ മുന്നോട്ട്‌ : മന്ത്രി എം ബി രാജേഷ്‌

news image
Oct 6, 2023, 3:33 am GMT+0000 payyolionline.in
കോഴിക്കോട്‌: നാടിന്‌ അനിവാര്യമായ മാലിന്യ സംസ്‌കരണ പ്ലാന്റുമായി സർക്കാർ മുന്നോട്ടുപോകുമെന്നും സമരം ചെയ്യുന്നവർ സാമൂഹ്യവിരുദ്ധ ശക്തികളാണെന്നും മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. അമൃത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷൻ മെഡിക്കൽ കോളേജിൽ നിർമിച്ച മാലിന്യ പ്ലാന്റ്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പ്ലാന്റുകൾ വേണ്ടെന്ന്‌ പറയുന്നത്‌ സംസ്‌കാരശൂന്യവും നിയമവിരുദ്ധവുമാണ്‌.  സ്ഥാപിത താൽപ്പര്യമുള്ളവരാണ്‌  പ്രതിഷേധിക്കുന്നത്‌. മലിനജലം കുടിക്കുന്ന കാര്യത്തിലല്ല,  ശുചീകരിക്കുന്ന കാര്യത്തിലാണ് ഇവർക്ക്‌ ആശങ്ക. ജലഗുണമേന്മ  പഠനം നടത്തിയപ്പോൾ  കേരളത്തിലെ 80 ശതമാനം പൊതു ജലാശയങ്ങളിലും 78 ശതമാനം കിണറുകളിലും കോളിഫോം ബാക്ടീരിയ കണ്ടെത്തി. ഈ സാഹചര്യത്തിൽ പ്ലാന്റ്‌ വരാൻവേണ്ടിയാണ്‌  സമരം നടത്തേണ്ടത്‌. നിർഭാഗ്യവശാൽ മുടക്കാനായാണ്‌ സമരം.
മാലിന്യ സംസ്കരണ ശീലങ്ങൾ വളർത്താനായി നിയമഭേദഗതി കൊണ്ടുവരും. പഞ്ചായത്ത് രാജ് ആക്ട് ഭേദഗതിചെയ്ത് മാലിന്യ സംസ്കരണ പ്ലാന്റ് നിയമം നടപ്പാക്കും. ഒമ്പത്‌ പ്ലാന്റുകൾ മൂന്ന്‌ മാസത്തിനുള്ളിൽ യാഥാർഥ്യമാകും.  ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതിലൂടെ  മാലിന്യമുക്ത നവ കേരളത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് നടത്തിയിരിക്കുന്നതെന്നും  മന്ത്രി പറഞ്ഞു.  മേയർ ഡോ.  ബീന ഫിലിപ്പ് അധ്യക്ഷയായി.  മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്,  അഹമ്മദ് ദേവർകോവിൽ,  എളമരം കരീം എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി.
 കോർപറേഷൻ സെക്രട്ടറി കെ യു ബിനി റിപ്പോർട്ട് അവതരിപ്പിച്ചു. അമൃത് മിഷൻ ഡയരക്ടർ അലക്സ് വർഗീസ്,  ആരോഗ്യ സമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ,  കൗൺസിലർ കെ മോഹനൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ അശോകൻ  എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി  മേയർ സി പി മുസാഫർ അഹമ്മദ് സ്വാഗതവും മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. ശ്രീജയൻ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe