റാഞ്ചി: ഷൂട്ടിങ് താരം താരാ ഷാഹ്ദേവ് മതപരിവർത്തനക്കേസിൽ മുൻ ഭർത്താവും ഇയാളുടെ മാതാവുമടക്കം മൂന്ന് പേർക്ക് ശിക്ഷ വിധിച്ച് കോടതി. രഞ്ജിത് കോഹ്‌ലി എന്ന റാഖിബ് ഉളിന് ജീവപര്യന്തം തടവും അമ്മ കൗസർ റാണിക്ക് പത്ത് വർഷത്തെ തടവുമാണ് കോടതി വിധിച്ചത്. മറ്റൊരു പ്രതിയായ അന്നത്തെ ഹൈക്കോടതി രജിസ്ട്രാർ മുസ്താഖ് അഹമ്മദിനെ 15 വർഷം തടവിനും ശിക്ഷിച്ചു. ഗൂഢാലോചനക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്. 2017-ലാണ് ദേശീയ ഷൂട്ടർ താരാ ഷാഹ്ദേവിനെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
സിബിഐ കോടതി ജഡ്ജി പ്രഭാത് കുമാർ ശർമയാണ് ശിക്ഷ വിധിച്ചത്. 2014 ജൂലൈ ഏഴിനാണ് താര രഞ്ജിത് കോലി എന്ന റാഖിബുൾ ഹസനുമായി വിവാഹിതയാകുന്നത്. ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹം. എന്നാൽ വിവാഹത്തിന്റെ പിറ്റേ ദിവസം മുതൽ രഞ്ജിത്തും അന്ന് രജിസ്ട്രാർ ഓഫിസറായിരുന്ന അഹമ്മദും ഇസ്ലാം മതത്തിലേക്ക് മാറാനും ഇസ്ലാം മതാചാര പ്രകാരം വിവാഹം നടത്താനും നിർബന്ധിച്ചെന്ന് താര പരാതിയിൽ ആരോപിച്ചു. തുടർന്ന് താര പൊലീസിനെ സമീപിച്ചു.
2018ൽ താരക്ക് റാഞ്ചി കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം കഴിച്ചതെന്നും മതം മാറാൻ വിസ്സമ്മതിച്ച തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും താര പരാതിയിൽ പറഞ്ഞിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തു. താരയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ റാഖിബും മാതാവും റാഞ്ചിയിലെ വീട് ഉപേക്ഷിച്ച് ഒളിവിൽ പോയിരുന്നു. പിന്നീട് ദില്ലിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.