തിരുവനന്തപുരം∙ 2004 ജനുവരി ഒന്നിനു മുൻപ് വിജ്ഞാപനം പുറപ്പെടുവിച്ച ഒഴിവിലേക്കു നിയമിക്കപ്പെട്ട കേന്ദ്ര സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്കു മാറാൻ അവസരം നൽകി സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. കേന്ദ്രത്തിൽ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത് 2004 ജനുവരി ഒന്നിന് ആയതിനാലാണിത്. കേന്ദ്ര സർക്കാർ ജീവനക്കാർ സുപ്രീംകോടതി വരെ പോയി നേടിയെടുത്ത ഇൗ ആനുകൂല്യം പക്ഷേ, സംസ്ഥാന സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല.
2013 ഏപ്രിൽ 1 മുതലാണ് കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. നിയമന തീയതി ഇൗ ദിവസത്തിനു മുൻപാണെങ്കിൽ മാത്രമേ പഴയ പെൻഷൻ പദ്ധതിക്ക് അർഹതയുള്ളൂ. എന്നാൽ, സുപ്രീംകോടതി ഉത്തരവ് കേരളത്തിൽ നടപ്പാക്കിയാൽ ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ച തീയതി 2013 ഏപ്രിൽ ഒന്നിനു മുൻപാണെങ്കിൽ പഴയ പെൻഷൻ പദ്ധതിയിലേക്കു മാറാൻ കഴിയും. ഇൗ ആവശ്യം ഉന്നയിച്ച് അഞ്ഞൂറോളം പേർ കേരളത്തിൽ കോടതിയെ സമീപിച്ചിട്ടുണ്ട്.