പോഷ് ആക്ട് പ്രകാരം പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണം, ഇല്ലെങ്കിൽ പിഴയടക്കം കർശന നടപടി’

news image
Sep 23, 2023, 1:04 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ലോണ്‍ ആപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമശൃംഖലകളിലൂടെ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന ചൂഷണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. കൊല്ലം ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.

10 വനിതകളില്‍ കൂടുതല്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ പോഷ് ആക്ട് പ്രകാരം പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണം. സെല്‍ രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കും.

പൊതുപ്രവര്‍ത്തന രംഗത്തുള്ള സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളും. മുന്‍കൂട്ടി അറിയിപ്പുകള്‍ നല്‍കാതെ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും  ആനുകൂല്യങ്ങള്‍ നിഷേധിച്ച് അധ്യാപകരെ പിരിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

ജില്ലാതല അദാലത്തില്‍ 81 പരാതികള്‍ പരിഗണിച്ചു. 11 എണ്ണം തീര്‍പ്പാക്കി. ഒരു പരാതി കൗണ്‍സിലിങ്ങിനായും, അഞ്ച്  കേസുകള്‍ റിപ്പോര്‍ട്ട് തേടുന്നതിനായും അയച്ചു. 64 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്‍ അംഗങ്ങളായ  അഡ്വ. ഇന്ദിര രവീന്ദ്രന്‍, എലിസബത്ത് മാമ്മന്‍ മത്തായി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്‍, അഭിഭാഷകരായ ബെച്ച കൃഷ്ണ, ജയ കമലാസനന്‍, ശുഭ, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe