തിരുവനന്തപുരം: മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് താൻ കൃപാസനത്തിൽ പ്രാർഥിച്ചതിനാലാണെന്നും അതോടെ തനിക്ക് ബി.ജെ.പിയോടുള്ള എല്ലാ അറപ്പും വെറുപ്പും ദേഷ്യവും തീർന്നതായും അമ്മ എലിസബത്ത് ആന്റണി. ആലപ്പുഴ കലവൂരിലെ കൃപാസനം എന്ന ധ്യാന കേന്ദ്രത്തിൽ പ്രാർത്ഥിച്ചതു വഴിയാണ് തനിക്ക് മകന്റെ ഈ പുതിയ രാഷ്ട്രീയത്തെ അംഗീകരിക്കാനായതെന്നും എലിസബത്ത് ആന്റണി പറഞ്ഞു. കൃപാസനം യൂട്യൂബ് ചാനലിലാണ് വിഡിയോ പ്രസിദ്ധീകരിച്ചത്.
അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ ആദ്യമായാണ് മാതാവ് എലിസബത്ത് ആന്റണി പ്രതികരിക്കുന്നത്. അനിലിന്റെ തീരുമാനം എ.കെ. ആന്റണിക്ക് വലിയ ഷോക്കായി. പ്രതിസന്ധി പരിഹരിക്കാനായി ഞാന്‍ പ്രാര്‍ഥിച്ചു. ആന്റണി സൗമ്യതയോടെ സാഹചര്യം തരണം ചെയ്തു. അനിലിന്റെ രാഷ്ട്രീയ രാഷ്ട്രീയ കാഴ്ചപ്പാട് ഉൾകൊള്ളുന്നുവെന്നും ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങൾ ലഭിക്കുമെന്നും എലിസബത്ത് പറഞ്ഞു. എ.കെ ആന്റണിക്ക് തന്റെ പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തുവെന്നും കൃപാസനത്തിൽ എലിസബത്ത് ആന്റണി അനുഭവ സാക്ഷ്യമായി പറഞ്ഞു.
‘‘രാഷ്ട്രീയത്തിൽ ജോയിൻ ചെയ്യണമെന്ന് എന്റെ മകന്റെ വലിയ ആഗ്രഹമായിരുന്നു. പഠനമെല്ലാം കഴിഞ്ഞ് വിദേശത്ത് നല്ല ജോലി കിട്ടയതാ. പക്ഷേ രാഷ്ട്രീയത്തിൽ താത്പര്യമുള്ളതുകൊണ്ട് തിരിച്ചുവന്നു. മകന് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഞാൻ (കൃപാസനത്തിൽ) നിയോഗം വെച്ചു. എന്നാൽ, മക്കൾ രാഷ്ട്രീയത്തിനെതിരായി ചിന്തൻ ശിബിരത്തിൽ പ്രമേയത്തിൽ പാസാക്കി. അതായത് എന്റെ മക്കൾ എത്രയൊക്കെ ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പറ്റില്ലെന്ന് മനസിലായി. എന്റെ ഭർത്താവാണെങ്കിൽ മക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി പരിശ്രമിക്കുകയോ ഒന്നുമില്ല. പ്രാർഥനക്ക് പിന്നാലെ മകൻ അനിൽ വിളിച്ച് പറഞ്ഞു: അമ്മേ എന്നെ പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചുവെന്നും ബി.ജെ.പിയിൽ ചേരാൻ പറയുന്നുണ്ട് എന്നും. ബി.ജെ.പിയിൽ ചേർന്നാൽ ഒരുപാട് അവസരം ഉണ്ടാകുമെന്നും പറഞ്ഞു. എന്നാൽ, നമ്മൾ വിശ്വസിക്കുന്നത് കോൺഗ്രസ് പാർട്ടിയിലാണ്. നമ്മൾ ജീവിച്ചതും ആ പാർട്ടിയിലാണ്. ബി.ജെ.പിയിലേക്ക് പോകുന്ന കാര്യം ആലോചിക്കാൻ വയ്യ. ഞാൻ ഇവിടെ വന്ന് പരിശുദ്ധ അമ്മയോട് ആലോചനയ്ക്കായി ബഹുമാനപ്പെട്ട ജോസഫച്ചന്റെയടുത്ത് തുണ്ടുകൊടുത്തു. അച്ചൻ അമ്മയുടെ കാൽക്കൽ തുണ്ടുവെച്ച് പ്രാർഥിച്ചിട്ട് പറഞ്ഞു: മകനെ തിരിച്ച് കോൺഗ്രസിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണ്ട, അവന് അവിടെ നല്ല അവസരമുണ്ടെന്ന്. അതോടെ അമ്മ എന്റെ മനസ്സ് മാറ്റിത്തന്നു. എനിക്ക് ബി.ജെ.പിയോടുള്ള എല്ലാ അറപ്പും വെറുപ്പും ദേഷ്യവും മാറ്റി എനിക്ക് പുതിയ ഹൃദയം തന്നു ’ – എലിസബത്ത് ആന്റണി കൃപാസനത്തിൽ സാക്ഷ്യം പറഞ്ഞു.
‘എന്റെ ഭര്‍ത്താവ് അവിശ്വാസിയാണ്. അത് പരിഹരിച്ച് ഭര്‍ത്താവിന്റെ കാലിന് സ്വാധീനം കൊടുക്കണമെന്ന് പ്രാർഥിച്ചു. അദ്ദേഹം രാഷ്ട്രീയത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് വിരമിച്ചിരിക്കുകയാണ്. എനിക്കും മക്കള്‍ക്കും അദ്ദേഹത്തിന്റെ ഈ അവസ്ഥ സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. അങ്ങനെ ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്തായാലും ഈ പതിനഞ്ചാം തീയതി അത്ഭുതകരമാം വിധം വീണ്ടും വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അത് സ്വീകരിച്ചു. പിന്നീട് ആത്മവിശ്വാസം തിരിച്ചുവന്നു. തനിയെ യാത്ര ചെയ്തു. 15 ാം തിയ്യതി ഹൈദരാബാദിലെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ തനിയെ യാത്ര ചെയ്ത് പോയി തിരിച്ചെത്തി’ -എലിസബത്ത് പറഞ്ഞു.