ന്യൂമാഹി: പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന മാഹി പാലത്തിൻ്റെ മേൽ ഭാഗം എത്രയും വേഗം ശാസ്ത്രീയമായ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. പ്രതിഷേധ ശൃംഖല നടത്തി. സി.പി.എം. മാഹി ലോക്കൽ കമ്മിറ്റിയും ന്യൂമാഹി ലോക്കൽ കമ്മിറ്റിയും ചേർന്നാണ് മാഹി പാലത്തിന് മുകളിൽ പ്രതിഷേധ സമരം നടത്തിയത്.
പാലത്തിൻ്റെ നടപ്പാതയിൽ സി.പി.എം. പ്രവർത്തകർക്കൊപ്പം ഓട്ടോ – ടാക്സി ഡ്രൈവർമാരുടെ യൂണിയൻ (സി.ഐ.ടി.യു) അംഗങ്ങളും അണിചേർന്നു. ഏറെ പഴക്കം ചെന്ന അപകടാവസ്ഥയിലുള്ള പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുക,
മാഹി ബൈപ്പാസിൽ ഗതാഗതം തുടങ്ങിയാലും തദ്ദേശീയർക്കായി നിലവിലുള്ള മുഴപ്പിലങ്ങാട് മുതൽ മാഹി വരെയുള്ള ദേശീയ പാത നവീകരിച്ച് ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.പി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു, സി.കെ.രമേശൻ, വടക്കൻ ജനാർദ്ദനൻ, കെ.ജയപ്രകാശൻ, എ.കെ.സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.