വടകര∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ചോറോട് ഗേറ്റിലെ അടിപ്പാതയുടെ പ്രവൃത്തി ഇഴയുന്നു . ആറു മാസം മുൻപ് ആരംഭിച്ച നിർമാണ പ്രവൃത്തി ഇപ്പോൾ രണ്ട് മാസമായി പൂർണമായും നിലച്ചു. നിലവിലുള്ള പാതയിൽ ഗതാഗതം നിരോധിച്ചതോടെ ബീച്ച് ഭാഗത്തേക്കുള്ള യാത്ര തടസ്സപ്പെട്ടു. നിലവിലുള്ള അടിപ്പാതയ്ക്ക് പകരമായി പുതിയതു നിർമിക്കുന്നതിനായി ഇരുഭാഗത്തുമായി കോൺക്രീറ്റ് പില്ലർ പണിത ശേഷം ഒരു പ്രവൃത്തിയും നടന്നിട്ടില്ല. പ്രവൃത്തി ആരംഭിക്കും മുൻപ് ഗതാഗതം നിരോധിക്കുകയും ചെയ്തു.
തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുകയും കാലവർഷം ആരംഭിക്കുകയും ചെയ്തതോടെ പ്രവൃത്തി പൂർണമായും നിലച്ചു. കോൺക്രീറ്റിന് ഇട്ട കമ്പികൾ അതേപടി നിൽക്കുകയാണ്. അടിപ്പാത വഴി വാഹന ഗതാഗതം നിരോധിച്ചതോടെ കിലോമീറ്ററുകൾ ചുറ്റിയാണ് കുരിയാടി ഉൾപ്പെടെ ഉള്ള ഭാഗത്തേക്കു പോകുന്നത്. മുട്ടുങ്ങൽ സൗത്ത് യുപി സ്കൂൾ. എരപുരം മാപ്പിള യുപി സ്കൂൾ, എന്നിങ്ങനെ സ്കൂളുകളിലെ കുട്ടിക്കൾക്ക് ദുരിതമായി. കടപ്പുറത്തെ ഫിഷറീസ് സ്കൂളിലേക്കുള്ള വഴി കൂടിയാണിത്.സ്കൂൾ വാഹനങ്ങൾക്ക് പുറമേ കുരിയാടിയിലെ മത്സ്യത്തൊഴിലാളികൾക്ക് ചോമ്പാല ഹാർബറിലേക്ക് വാഹനത്തിൽ പോകുന്നതിനും പ്രയാസം ഉണ്ട്.
തൊഴിലാളികളിൽ കുറച്ചു പേർ തിരിച്ചെത്തിയെങ്കിലും പണി തുടങ്ങുന്ന ലക്ഷണമില്ല. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ചോറോട് ഭാഗത്തു വൻ കുഴികൾ എടുത്തതോടെ മഴയിൽ വെള്ളം കയറി ദുരിതത്തിലാണു പരിസരവാസികൾ. അടിപ്പാതയുടെ നിർമാണ പ്രവൃത്തി അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു