കാരുണ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക് ; ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന് സ്വകാര്യ ആശുപത്രികൾ

news image
Sep 22, 2023, 6:47 am GMT+0000 payyolionline.in

തിരുവനന്തപുരം: കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ. 300 കോടിയോളം രൂപ കുടിശ്ശികയുള്ളതിൽ 104 കോടി രൂപ മാത്രമാണ് സർക്കാർ കഴിഞ്ഞ ദിവസം അനുവദിച്ചത്.

ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 300 കോടി ഇനിയും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഒക്ബോർ ഒന്ന് മുതൽ പിന്മാറാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ തീരുമാനമെടുത്തിരുന്നു. മിക്ക ആശുപത്രികൾക്കും ഒരു വർഷം മുതൽ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്. 14 കോടി രൂപ കുടിശ്ശിക കിട്ടാത്തത് ഈ മാസം 26 മുതൽ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബോർഡ് വെച്ചുകഴിഞ്ഞു. തീരുമാനത്തിൽ നിന്ന് പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പിന്മാറാത്ത സാഹചര്യത്തിലാണ് സർക്കാർ അടിയന്തിരമായി 104 കോടി അനുവദിച്ചത്.

പക്ഷെ, കുടിശ്ശിക മുഴുവൻ തീർക്കാതെ തീരുമാനത്തിൽ പുനരാലോചന ഇല്ലെന്ന് കെപിഎച്ച്എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശ്ശിക തീർക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പടെ പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കെപിഎച്ച്എ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ആശുപത്രികൾക്കും 200 കോടി രൂപ കുടിശ്ശികയുണ്ട്. നേഷണൽ ഹെൽത്ത് അതോറിറ്റി അംഗീകരിച്ച പുതുക്കിയ ചികിത്സാ പാക്കേജും നിരക്കുകളും നടപ്പാക്കത്തതിലും ആശുപത്രികൾക്ക് പ്രതിഷേധമുണ്ട്. കേന്ദ്രവിഹിതം കൃത്യമായി കിട്ടാത്തത് മുതൽ, സഹായം കിട്ടുന്നവരുടെ എണ്ണം കൂടിയത് വരെയുള്ള കാരണങ്ങളാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe