മോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ജനാധിപത്യം കൊല ചെയ്യപ്പെടുന്നു – രാഹുൽ ഗാന്ധി

news image
Sep 22, 2023, 6:12 am GMT+0000 payyolionline.in

നോർവേ: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിൽ ജനാധിപത്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വലിയ വിഭാഗം ജനങ്ങൾക്ക് സംസാരിക്കാൻ അവകാശമില്ലാത്ത വിധം രാജ്യത്തെ ജനാധിപത്യം ദുർബലമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ജനാധിപത്യം കടുത്ത പ്രതിസന്ധി നേരിടുമ്പോഴും രാജ്യം അതിനെ പ്രതിരോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“രാജ്യത്തെ ജനാധിപത്യം ദുർബലമായിക്കൊണ്ടിരിക്കുകയാണ്, പക്ഷേ ജനങ്ങൾ അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആ പ്രതിരോധം എന്ന് അവസാനിക്കുന്നുവോ, അന്ന് മുതൽ ഞാൻ പറയും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ലെന്ന്. നമ്മുടെ ജനാധിപത്യ ഘടനക്കെതിരെ നടക്കുന്ന കടന്നുകയറ്റങ്ങളെയും അതിക്രമങ്ങളെയും പ്രതിരോധിക്കാൻ ഒരു വലിയ വിഭാഗം ഇപ്പോഴും ശ്രമിക്കുകയാണ്, പോരാടുകയാണ്. അതിൽ നമ്മൾ വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ” – രാഹുൽ ഗാന്ധി പറഞ്ഞു. നോർവേയിലെ ഓസ്ലോ യൂനിവേഴ്സിറ്റിയിൽ വെച്ച് നടന്ന സെമിനാറിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഈ മാസം ആദ്യം നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് പുറത്തുവിട്ടത്.

യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായി സംസാരിക്കുന്നതിനിടെ ഇന്ത്യയുടെ പ്രുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി പ്രധാനമന്ത്രി മാറ്റിയാൽ ഇൻഡ്യ സഖ്യത്തിന്‍റെ പേരും മാറ്റും. അപ്പോൾ പ്രദാനമന്ത്രി രാജ്യത്തിന്‍റെ പേര് വീണ്ടും മാറ്റുമോ എന്ന് നോക്കാമല്ലോ. ലോകത്ത് ഒരു രാഷ്ട്രീയ സഖ്യവും അവരുടെ പേര് തെരഞ്ഞെടുത്തു എന്നത് കൊണ്ട് ഒരു രാജ്യത്തിന്‍റെ തന്നെ പേര് മാറ്റാനുള്ള കാരണമായി മാറിയതിനെ കുറിച്ച് എനിക്കറിയില്ല” അദ്ദേഹം പറഞ്ഞു.

സമീപകാലത്തായി ഇന്ത്യക്ക് പകരം ഭാരത് എന്ന പേര് ബി.ജെ.പി നേതാക്കളും കേന്ദ്രസർക്കാരും ഉപയോഗിച്ചുവരുന്നത് ഇന്ത്യ എന്ന പേരിനെ ഇല്ലാതാക്കാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇൻഡ്യ സഖ്യം രൂപീകരിച്ചതിന് പിന്നാലെയാണ് ഭാരതമെന്ന പരാമർശം ശക്തമായതെന്നും പ്രതിപക്ഷം ആരോപിച്ചു. രാജ്യത്തെ ജനാധിപത്യത്തെ ‘കൊലപ്പെടുത്താൻ’ കേന്ദ്ര സർക്കാരിനെ അനുവദിക്കില്ല എന്ന ഉറച്ച മുദ്രാവാക്യത്തോടെയാണ് എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചുചേർന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ആർ.എസ്.എസിനെ ഒരിക്കലും രാജ്യത്തിന്‍റെ സ്ഥാപനങ്ങളെ കീഴടക്കാൻ ഞങ്ങൾ അനുവദിക്കില്ല. കഴിഞ്ഞ ഒമ്പത് വർഷമായി സംഭവിക്കുന്നത് പോലെ രണ്ടോ മൂന്നോ ബിസിനസുകാർക്ക് വേണ്ടി രാജ്യത്ത് 200 മില്യണിലധികം വരുന്ന ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന നിലവിലെ സമ്പ്രദായത്തെയും ഞങ്ങൾക്ക് അനുവദിക്കാനാകില്ല” രാഹുൽ ഗാന്ധി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe