നിപ്പ; ജില്ലയിൽ ആൾക്കൂട്ട നിയന്ത്രണം, 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് സർക്കാർ

news image
Sep 13, 2023, 3:23 pm GMT+0000 payyolionline.in

തിരുവനന്തപുരം ∙ സംസ്ഥാനത്ത് മരിച്ചവരുൾപ്പെടെ നാലു പേർക്കു നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഈ മാസം 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന്, യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി.

19 കമ്മിറ്റികൾ രൂപീകരിച്ച് നടത്തിയ നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനം യോഗത്തിൽ നടത്തി. ഐസിഎംആർ വിമാന മാർഗം ആന്റിബോഡി എത്തിച്ചിട്ടുണ്ട്. നിപ്പ ബാധിതരെന്ന് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇതുവരെ പരിശോധനയ്ക്ക് അയച്ച 18 സാംപിളുകളിൽ 3 എണ്ണം പൊസിറ്റീവ് ആയി. നിലവിൽ 789 പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ 77 പേർ അതീവ ജാഗ്രതാ സമ്പർക്ക പട്ടികയിലാണ്. 157 ആരോഗ്യ പ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. 13 പേർ മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില അതേപടി തുടരുകയാണ്.

യോഗത്തിൽ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർ പുറമെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, എം.ബി. രാജേഷ്, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി ഡോ. വി.വേണു, കോഴിക്കാട് ജില്ലാ കലക്ടർ, റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.

കോഴിക്കോട് കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണു നിപ്പ

സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നിപ്പ മരണം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ എട്ട് പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. കണ്ടെയ്ൻമെന്‍റ് സോണുകളിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് വഴികൾ അടച്ചു. 1998 മുതൽ ഇതുവരെ വിവിധ രാജ്യങ്ങളിലായി 477 പേരെ നിപ്പ ബാധിച്ചു; 252 പേർ മരിച്ചു. കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്തത് 2018 ൽ കോഴിക്കോട്ട്. 2019 ൽ എറണാകുളത്തും 2021 ൽ വീണ്ടും കോഴിക്കോട്ടും റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തേതുൾപ്പെടെ ഇതുവരെ 20 മരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe