‘മരുതോങ്കരയിൽ ആർക്കും രോഗലക്ഷണങ്ങളില്ല, സമ്പർക്കം പുലർത്തിയ എല്ലാവരെയും തിരിച്ചറിഞ്ഞു’; പഞ്ചായത്ത് പ്രസിഡൻ്റ്

news image
Sep 12, 2023, 9:44 am GMT+0000 payyolionline.in

കോഴിക്കോട്: മരുതോങ്കരയിൽ പനി ബാധിച്ചു മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സജിത്ത്. നിപ സംശയത്തെ തുടർന്നാണ് മരിച്ചയാളുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവരെ കണ്ടെത്തിയത്. ഇവരോട് ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് കെ സജിത്ത് പറഞ്ഞു. ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ല. പഞ്ചായത്തിൽ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. പനി ബാധിതരെ കണ്ടെത്താൻ സർവ്വേ നടത്തുന്നുണ്ടെന്നും മരുതോങ്കര പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു.

 

വിവരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ആരോ​ഗ്യവകുപ്പ് വിഭാ​ഗം മരിച്ചയാളുടെ വീടിന്റെ അടുത്തുള്ള 90വീടുകൾ നിരീക്ഷിച്ചിട്ടുണ്ട്. സ്വാഭാവികമായി പനിയുള്ള അഞ്ചു വീടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കുടുംബക്കാർക്കോ ബന്ധുക്കൾക്കോ ആർക്കും പനിയുള്ളതായി അറിവില്ല. ജനങ്ങളോട് മാസ്ക് ഉപയോ​ഗിക്കാനും ജാ​ഗ്രത പുലർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നും ആശാപ്രവർത്തകർ ഫീൽഡ് വർക്ക് നടത്തുന്നുണ്ട്. പഞ്ചായത്തിൽ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. പനി ബാധിക്കുന്നവരോട് ഇവിടെ അറിയിപ്പ് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം 30നാണ് പനി ബാധിച്ച് നിപ സംശയിക്കുന്നയാൾ മരിച്ചത്. അതിനു ശേഷം പനി ബാധിച്ച് ആശുപത്രിയിൽ പോയ എല്ലാവരുടേയും വിവരങ്ങൾ ആശുപത്രിയിൽ നിന്ന് ശേഖരിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

അതേസമയം, കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ​ഗുരുതരമായി തുടരുകയാണ്. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളിൽ 9വയസുകാരന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ​ഗുരുതരമല്ല. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25വയസു കാരന്റെ നില  തൃപ്തികരമാണെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe