തിരുവല്ല (പത്തനംതിട്ട) ∙ തിരുമൂലപുരത്ത് തട്ടുകടയിൽനിന്നും ആഹാരം കഴിച്ച ശേഷം ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23 വയസ്സുകാരിയെയും കുഞ്ഞിനെയും കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. തിരുമൂലപുരം ജംക്ഷനു സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. യുവതിയുമായി മുന്‍പരിചയമുള്ള ആളാണ് തട്ടിക്കൊണ്ടുപോകലിനു പിന്നില്ലെന്നാണു നിഗമനം.
തിരുമുലപുരം സ്വദേശിയായ യുവാവും കുടുംബവും തിരുമൂലപുരത്തെ ഒരു തട്ടുകടയിൽ ഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങവേ കാറിലെത്തിയ സംഘം ബൈക്കിനു കുറുകെ കാർ നിർത്തിയ ശേഷം യുവതിയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും കടത്തിക്കൊണ്ട് പോവുകയായിരുന്നു. ഭർത്താവ് സന്ദീപ് സന്തോഷ് നൽകിയ പരാതിയിൽ ചെങ്ങന്നൂർ സ്വദേശിയായ കാമുകൻ പ്രിന്റോ പ്രസാദിനെതിരെ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.