കണ്ണൂർ: രാജ്യത്ത് സനാതനികൾ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്നും മനുഷ്യരിൽ മഹാഭൂരിപക്ഷം പേരെയും ആട്ടിയകറ്റുന്ന ആശയത്തെ എതിർക്കുന്നതിൽ എന്താണ് തെറ്റെന്നും സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. സനാതന ധർമം നിർമാർജനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിൻ പരാമർശത്തെ പിന്തുണച്ച് ഫേസ്ബുക്കിലാണ് പി. ജയരാജന്റെ അഭിപ്രായപ്രകടനം.
ഇന്ത്യയുടെ ചരിത്രത്തിൽ സനാതനികൾ സാമൂഹ്യ പുരോഗതിക്ക് വിലങ്ങുതടിയായാണ് പ്രവർത്തിച്ചത്. ജനങ്ങളിൽ മഹാ ഭൂരിപക്ഷത്തെയും ജാതി വിലക്കുകളിലൂടെ അകറ്റി നിർത്തിയ സവർണധിപത്യ സംസ്കാരത്തെയാണ് ആർ.എസ്.എസും പ്രതിനിധാനം ചെയ്യുന്നത്. അതിനാൽ, ഉദയനിധി മാരനെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധത്തിൽ അതിശയവുമില്ല. സനാതനികൾ സ്വീകരിച്ച വഴി കായികാക്രമണങ്ങളുടെത് കൂടിയാണ്. അയിത്തോച്ചാടന പ്രക്ഷോഭം നയിച്ച മഹാത്മ ഗാന്ധിയെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ സനാതനികൾ നടത്തിയ ശ്രമത്തിൽ നിന്നും അത്ഭുതകരമായാണ് അദ്ദേഹം രക്ഷപെട്ടത്.മതന്യൂന പക്ഷങ്ങളെയും ദലിതരെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും തുല്യതയുള്ള പൗരന്മാരെ പോലെ കണക്കാക്കാതെ അക്രമത്തിന്റെ ശൈലിയെ പ്രോത്സാഹിപ്പിക്കുന്നവരാണ് ഉദയനിധി സ്റ്റാലിനെയും ഭീഷണിപ്പെടുത്തുന്നത്.
രാജ്യത്തിന്റെയും ചരിത്രം പോലും വിസ്മരിച്ച് ചില കോൺഗ്രസ് നേതാക്കന്മാരുടെ പ്രസ്താവനകളാണ് അതിശയകരമെന്നും പി. ജയരാജൻ പോസ്റ്റിൽ കുറിച്ചു.