കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ആള് ഇന്ത്യ ഇമാം-മുഅദ്ദിന് സോഷ്യല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ സമ്മേളനത്തിൽ മുഖ്യാതിഥിയായി മമത ബാനര്‍ജി. മസ്ജിദുകളില്‍ പ്രാർഥനയ്ക്ക് നേതൃത്വം നല്കുന്ന ഇമാമുമാരും മുഅദ്ദിന്മാരും പരിപാടിയില്‍ പങ്കെടുക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണ്.
‘രണ്ട് വര്‍ഷമായി മമത ബാനര്‍ജിയെ സമ്മേളനത്തിന്റെ മുഖ്യാതിഥിയായി കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. സമാധാനം ഉറപ്പാക്കാനുള്ള വഴികളെപ്പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്യും. അവരുടെ സാന്നിധ്യം ഒരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നു’- ഓര്ഗനൈസേഷൻ പ്രസിഡന്റ് മൗലാന ഷെഫീക് പറഞ്ഞു.
2009 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന വോട്ട് ബാങ്കാണ് ന്യൂനപക്ഷങ്ങൾ. എന്നാൽ സാഗര്‍ദിഗി ഉപതെരഞ്ഞെടുപ്പ് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായിരുന്നു. ഏകദേശം 40 ശതമാനം മുസ്ലീം വോട്ടര്‍മാരുള്ള നിയമസഭാ മണ്ഡലമാണിത്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി പുതിയ ട്രെന്റ് സൃഷ്ടിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് എംഎല്‍എ ബൈറൂണ് ബിശ്വാസ് തൃണമൂലിലേക്ക് ചേക്കേറിയെങ്കിലും ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കാത്തത് തൃണമൂല്‍ നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിരുന്നു.
അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വിജയം കൈവരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഇതിലും ന്യൂനപക്ഷ വോട്ടുകൾ നിർണായകമായിരുന്നു. പുതിയ ചുവടുവയ്പ്പിലൂടെ ഈ ബന്ധം ദൃഡമാക്കുകയാണ് മമത ഉദ്ദേശിക്കുന്നത്.