വളര്‍ത്തുനായ്ക്കള്‍ ഏറ്റുമുട്ടിയതിനെച്ചൊല്ലി തർക്കം, വെടിവെപ്പ്; ഭോപ്പാലില്‍ രണ്ട് പേർക്ക് ദാരുണാന്ത്യം

news image
Aug 18, 2023, 11:04 am GMT+0000 payyolionline.in

ഭോപ്പാല്‍: വളര്‍ത്തുനായ്ക്കള്‍ പരസ്‍പരം ഏറ്റുമുട്ടിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത്  വെടിവെപ്പിലും രണ്ട് പേരും ദാരുണ മരണത്തിലും. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന രാജ്പാല്‍ സിങ് രജാവത്ത് എന്നായാളാണ് തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ കയറി നിന്ന് അയല്‍വാസികള്‍ക്ക് നേരെ വെടിവെച്ചത്. വെടിയേറ്റ് രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബാങ്ക് ബറോഡയുടെ പ്രാദേശിക ശാഖയില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന രാജ്പാല്‍ സിങിന് ലൈസന്‍സുള്ള തോക്കുണ്ടായിരുന്നുവെന്ന് പൊലീസ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണല്‍ അമരേന്ദ്ര സിങ് പറഞ്ഞു. രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. രാജ്പാലും അയല്‍വാസിയായ 35 വയസുകാരന്‍ വിമലും കൃഷ്ണ ബാഗ് കോളനിയിലെ ഇടുങ്ങിയ റോഡിലൂടെ  നായകളുമായി നടക്കുകയായിരുന്നു. ഇടയ്ക്ക് വെച്ച് നായകള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതിന് പിന്നാലെ നായകളുടെ ഉടമസ്ഥര്‍ തമ്മിലും ഇതേച്ചൊല്ലി തര്‍ക്കമായി. ഉടന്‍ തന്നെ വീടിനകത്തേക്ക് ഓടിക്കയറിയ രാജ്പാല്‍ തന്റെ തോക്കുമെടുത്ത് ബാല്‍ക്കണിയിലേക്ക് വന്നു. ആദ്യം ആകാശത്തേക്ക് വെടിവെച്ചു. പിന്നാലെ അയല്‍വാസികളെ ഉന്നംപിടിച്ച് നിറയൊഴിച്ചു. ഇയാള്‍ ബാല്‍ക്കണിയില്‍ നിന്ന് വെടിയുതിര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

നഗരത്തില്‍ ഹെയര്‍ സലൂണ്‍ നടത്തുന്ന വിമലും അയാളുടെ ബന്ധുവായ 27 വയസുകാരന്‍ രാഹുലും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. രാഹുലിന്റെ ഗര്‍ഭിണിയായ ഭാര്യ ജ്യോതി ഉള്‍പ്പെടെ ഈ സമയം സ്ഥലത്തുണ്ടായിരുന്ന ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. രാജ്പാലിനെയും മകന്‍ സുധീര്‍, ബന്ധു ശുഭം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗ്വാളിയോര്‍ സ്വദേശിയായ രജ്പാലിന് ലൈസന്‍സുള്ള തോക്ക് ഉള്ളതിനാലാണ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe