റേഡിയോ ജോക്കി രാജേഷ് കുമാർ വധം: മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ്

news image
Aug 18, 2023, 6:55 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ റേഡിയോ ജോക്കി രാജേഷ് കുമാർ (34) വധക്കേസിൽ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ്. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടു പ്രതികൾക്കും 2.40 ലക്ഷംരൂപ പിഴ ചുമത്തി. ഈ തുക രാജേഷിന്റെ കുടുംബത്തിന് നൽകണം. ഐപിസി 326 വകുപ്പ് അനുസരിച്ച് ഇരുപ്രതികളും 10 വർഷം കഠിന തടവ്  അനുഭവിക്കണം. അതു കഴിഞ്ഞശേഷമാണ് ജീവപര്യന്തം തടവ് ശിക്ഷ. മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടു.

 

കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താറിനെ പിടികൂടാനായിട്ടില്ല. മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷിനെ 2018 മാർച്ച് 27ന് പുലർച്ചെ 2.30നാണ് മടവൂർ ജംക‌്‌ഷനിൽ സ്വന്തം ഉടമസ്ഥയിലുള്ള മെട്രാസ് റിക്കാർഡിങ് സ്റ്റുഡിയോയിലിരിക്കെയാണ് വെട്ടിക്കൊന്നത്. സുഹൃത്ത് വെള്ളല്ലൂർ സ്വദേശി കുട്ടന് (50) തോളിനും കൈയ്ക്കും വെട്ടേറ്റിരുന്നു.

പത്ത് വർഷത്തോളം സ്വകാര്യചാനലിൽ റോഡിയോ ജോക്കിയായിരുന്ന രാജേഷിന് 2016 ജൂണിൽ ഖത്തറിൽ ജോലി ലഭിച്ചു. പത്തു മാസം ഖത്തറിൽ ജോലി ചെയ്തു. 2017 മേയിൽ മടങ്ങിയെത്തിയ ശേഷമാണ് റിക്കാർഡിങ് സ്റ്റുഡിയോ ആരംഭിച്ചതും നാടൻപാട്ട് സംഘത്തിൽ ചേർന്നതും. ഖത്തറിലായിരുന്നപ്പോൾ അബ്ദുൽ സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കരുനാഗപ്പള്ളി പുത്തൻതെരുവ് കൊച്ചയത്ത് തെക്കതിൽ കെ.തൻസീർ, കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് എച്ച്എസ്എസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന സനു സന്തോഷ്, ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോർട്ടിൽ എ.യാസീൻ, കുണ്ടറ ചെറുമൂട് എൽഎസ് നിലയത്തിൽ സ്ഫടികം എന്നു വിളിക്കുന്ന എസ്.സ്വാതി സന്തോഷ്, കുണ്ടറ മുളമന കാഞ്ഞിരോട് ചേരിയിൽ മുക്കട പനയംകോട് പുത്തൻവീട്ടിൽ ജെ.എബിജോൺ, അപ്പുണ്ണിയുടെ സഹോദരി ഭർത്താവ് ചെന്നിത്തല മദിച്ചുവട് വീട്ടിൽ സുമിത്ത്, സുമിത്തിന്റെ ഭാര്യ ഭാഗ്യശ്രീ, അപ്പുണ്ണിയുടെ കാമുകി എറണാകുളം വെണ്ണല അംബേദ്ക്കർ റോഡ് വട്ടച്ചാനൽ ഹൗസിൽ സിബല്ല ബോണി, സത്താറിന്റെ കാമുകി വർക്കല സ്വദേശി ഷിജിന ഷിഹാബ് എന്നിവരെയാണ് വെറുതെ വിട്ടത്.

രാജേഷിന്റെ സുഹൃത്തും പ്രധാന സാക്ഷിയുമായ കുട്ടന്‍ കൂറുമാറിയിരുന്നു. ഇയാളുടെ ആദ്യ മൊഴി കോടതി സ്വീകരിച്ചു. ജില്ലാ പ്രോസിക്യൂട്ടർ ഗീനാകുമാരിയാണ് അന്തിമവാദം നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe