ദുബൈ: ഷാർജയിൽനിന്ന് കണ്ണൂരിലേക്ക് പോകേണ്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം 13 മണിക്കൂർ വൈകി. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ പുറപ്പെടേണ്ട വിമാനം ബുധനാഴ്ച രാവിലെ എട്ടോടെയാണ് പറന്നത്.
സാങ്കേതിക തകരാർ കാരണം എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നത് പതിവായിട്ടുണ്ട്. ഒരാഴ്ചക്കിടയിൽതന്നെ യു.എ.ഇയിൽനിന്ന് വിമാനം മണിക്കൂറുകൾ വൈകി പറക്കുന്നത് ഇത് രണ്ടാം തവണയാണ്.
ഷാർജയിൽനിന്ന് കണ്ണൂരിലേക്കുള്ള ഐ.എക്സ് 742 വിമാനമാണ് പുതുതായി യാത്രക്കാരെ ദുരിതത്തിലാക്കിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കൃത്യസമയത്തുതന്നെ ബോഡിങ് പാസ് കൈമാറിയിരുന്നു. വിമാനം ഒരുമണിക്കൂർ വൈകും എന്നാണ് ആദ്യം അറിയിച്ചത്. സാങ്കേതിക തകരാർ പരിഹരിക്കാനുള്ള നീക്കം തുടരുകയാണെന്നും അറിയിപ്പ് വന്നു.
ബദൽ താമസസൗകര്യം ഒരുക്കാനോ വിമാനം എപ്പോൾ പുറപ്പെടും എന്നതുസംബന്ധിച്ച് കൃത്യമായ മറുപടി നൽകാനോ ആരും തയാറായില്ലെന്ന് യാത്രക്കാർ പറയുന്നു. രാത്രി പൂർണമായും യാത്രക്കാർക്ക് വിമാനത്തിനുള്ളിൽതന്നെ കഴിയേണ്ടിവന്നു. ഗൾഫ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പല വിമാനങ്ങളും സ്ഥിരമായി വൈകുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ ഷാർജ-തിരുവനന്തപുരം വിമാനം 18 മണിക്കൂർ വൈകിയിരുന്നു. പുതിയ വിമാനങ്ങൾ ലഭ്യമാകുന്നതോടെ മാത്രമേ പ്രതിസന്ധി പൂർണമായും പരിഹരിക്കപ്പെടൂ എന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം.