വൈദ്യുതി നിരക്കു വർധന സൂചിപ്പിച്ച് മന്ത്രി; വൈദ്യുതി ബോർഡ് യോഗത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും

news image
Aug 17, 2023, 4:00 am GMT+0000 payyolionline.in

പാലക്കാട് ∙ മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്തു വൈദ്യുതി നിരക്കു കൂട്ടേണ്ടിവരുമെന്നു സൂചന നൽകി മന്ത്രി കെ. കൃഷ്ണൻകുട്ടി. നിലവിൽ വൈദ്യുതി നിരക്കു കൂട്ടുന്നതുമായി ബന്ധപ്പെട്ടു തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഇന്നു വൈദ്യുതി ബോർഡ് യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഡാമുകളിൽ 30% പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. മഴ പെയ്താൽ വൈദ്യുതി നിരക്കു കൂട്ടേണ്ടി വരില്ല. ഉപയോക്താക്കളെ വിഷമിപ്പിക്കാത്ത നടപടിയാവും കഴിയുന്നത്ര സ്വീകരിക്കുക. വൈദ്യുതി ബോർഡോ സർക്കാരോ അല്ല, റെഗുലേറ്ററി കമ്മിഷനാണു നിരക്കു വർധിപ്പിക്കുന്നത്.  വൈദ്യുതി വാങ്ങുന്നതിനുള്ള നിരക്കു വിലയിരുത്തിയ ശേഷം മാത്രമേ, വർധനയിൽ തീരുമാനമെടുക്കുകയുള്ളൂ.

ദിവസം 10– 15 കോടി രൂപയുടെ വരെ വൈദ്യുതി അധികം വാങ്ങേണ്ട സ്ഥിതിയാണ്. കഴിഞ്ഞ വർഷം അധികം വെള്ളമുണ്ടായിരുന്നതിനാൽ 1000 കോടി രൂപയ്ക്കു വിറ്റു. ഇത്തവണ 400 മെഗാവാട്ടിന്റെ കുറവാണുള്ളത്. വൈദ്യുതി വാങ്ങുന്നതിനു ടെൻഡർ വിളിച്ചിട്ടുണ്ട്. നിരക്കു കൂട്ടുന്നതിനെതിരായ കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കുന്നുണ്ട്. ഇതുകൂടി വിലയിരുത്തിയ ശേഷമാകും നിരക്കു വർധന സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. നിലവിൽ വൈദ്യുതി നിയന്ത്രണം നടപ്പാക്കാൻ ഉദ്ദേശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

 

 

ഇടുക്കി അണക്കെട്ടിൽ  32% മാത്രം വെള്ളം

തൊടുപുഴ ∙ കാലവർഷം ദുർബലമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു താഴോട്ട്. ഇപ്പോൾ അണക്കെട്ടിൽ 32% വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം 81% വെള്ളമുണ്ടായിരുന്നതാണ്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 30% ഇടുക്കിയിൽ നിന്നാണ്. കഴിഞ്ഞ വർഷം മഴ ശക്തമായി ലഭിച്ചിരുന്നെങ്കിലും റൂൾ കർവ് നിയമം പാലിക്കുന്നതിനായി കഴിഞ്ഞ ഓഗസ്റ്റിൽ ഇടുക്കിയിലെ ഉൽപാദനം പരമാവധിയാക്കിയിരുന്നു. ഇതോടൊപ്പം ഷട്ടറുകൾ തുറന്ന്  109.713 ദശലക്ഷം ക്യുബിക് മീറ്റർ (എംസിഎം) വെള്ളം ഒഴുക്കിക്കളഞ്ഞിരുന്നു. ഇതുമൂലം അണക്കെട്ടിൽ കാര്യമായി വെള്ളം സംഭരിക്കാൻ സാധിച്ചില്ല.

2018 ൽ അണക്കെട്ടു തുറക്കാൻ വൈകിയതു വെള്ളപ്പൊക്കത്തിനു കാരണമായിരുന്നു. ഇത് ആവർത്തിക്കാതിരിക്കുന്നതിനാണ് റൂൾ കർവ്് നിയമം കൊണ്ടുവന്നത്. പുനഃപരിശോധിച്ചില്ലെങ്കിൽ വരും വർഷങ്ങളിലും സമാനമായ സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായും വിദഗ്ധർ പറയുന്നു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുൻവർഷങ്ങളിൽ ഇതേ ദിവസം രേഖപ്പെടുത്തിയത്– സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം അടിക്കണക്കിൽ. ബ്രാക്കറ്റിൽ ശതമാനം

2023    2332.26 (32%)

2022    2386.34 (81)

2021    2372.06 (66)

2020    2371.48 (65)

2019    2349.44 (45)

2018    പ്രളയത്തെത്തുടർന്ന് അണക്കെട്ട് തുറന്നിരിക്കുകയായിരുന്നു.

2017    2330.04 (30.20)

2016    2348.36  (44.5)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe