ന്യൂഡൽഹി> 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി രാവിലെ 7.15 എത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ഇതോടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. മെയ്തേയ്, കുക്കി വിഭാഗങ്ങളുടെ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
രാജ് ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ എത്തിയത്. 75-ാം സ്വാതന്ത്ര്യദിനത്തിൽ ആരംഭിച്ച ആസാദിക്കാ അമൃത് മഹോത്സവത്തിന് ഇന്ന് സമാപനമാകും. ചെങ്കോട്ടയിലെ ആഘോഷവേദിയിൽ പങ്കെടുക്കുന്ന 1800 വിശിഷ്ടാഥിതികളിൽ 8 മലയാളി ആരോഗ്യ പ്രവർത്തകരുമുണ്ട്.
തിരുവന്തപുരത്ത് 9 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തുന്നതോടെ സംസ്ഥാനത്തെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് വിവിധ സേനാ പരേഡുകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.