തിരുവനന്തപുരം: അസം, ബംഗാള്‍, തമിഴ്, ഹിന്ദി, കന്നഡ, ഒഡിഷ ഭാഷകളില്‍ തയാറാക്കിയ റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 14ന് രാവിലെ ഏഴിന് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ കൈവശമുള്ള ആധാര്‍ കാര്‍ഡ് മുഖാന്തിരം റേഷന്‍ കടകളില്‍ നിന്നും എൻ.എഫ്.എസ്.എ വിഭാഗത്തിലുളള ഭക്ഷ്യധാന്യ വിഹിതം ലഭിക്കുന്നതിനായി അറിവ് നല്‍കുന്ന റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അവരുടെ റേഷന്‍ വിഹിതം ഇവിടത്തെ റേഷന്‍കടകളില്‍ നിന്നും ലഭിക്കും. പെരുമ്പാവൂര്‍ നഗരസഭ ഓഫീസ് പരിസരത്തെ ‘ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിളളി എം.എല്‍.എ, പി.വി. ശ്രീനിജിന്‍ എം.എല്‍.എ, പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ്, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമീഷണര്‍ ഡോ. സജിത് ബാബു, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി, വടവുക്കോട്-പൂത്തന്‍കുരിശ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് തുടങ്ങിയവര്‍ പങ്കെടുക്കും.
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി 2013 ദേശിയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പായിട്ടുണ്ട്. ദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന (എൻ.എഫ്.എസ്.എ) വിഭാഗം കാര്‍ഡുടമകള്‍ക്ക്/ അംഗങ്ങള്‍ക്ക് ഇന്ത്യയില്‍ ഏതു സംസ്ഥാനത്തു നിന്നും അവരുടെ റേഷന്‍ വിഹിതം ലഭിക്കും.