തിരുവനന്തപുരം: ജനക്കൂട്ടമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കല്ലുകളും മുള്ളുകളുമുള്ള പാതയിലൂടെ സഞ്ചരിച്ച് നിശ്ചയദാര്‍ഢ്യത്തോടെ സാധാരണക്കാരുടെ ഹൃദയത്തിലേക്ക് നടന്ന വ്യത്യസ്തനായ നേതാവായിരുന്നു അദ്ദേഹം. മറ്റുള്ളവരോട് കാട്ടിയ സ്നേഹവും സഹതാപവും ചേര്‍ത്ത് നിര്‍ത്തലുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതകളെന്നും നിയമസഭയില്‍ നടത്തിയ അനുസ്മരണ പ്രസംഗത്തിൽ സതീശൻ ചൂണ്ടിക്കാട്ടി.ചെറിയ ചെറിയ സങ്കടങ്ങളുമായി വരുന്ന മനുഷ്യരെ പോലും നിരാശപ്പെടുത്താതെ അവരുടെ സങ്കടങ്ങളില്‍ പങ്കാളിയായി പ്രശ്നപരിഹാരമുണ്ടാക്കാനുള്ള തീഷ്ണമായ പ്രയത്നമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍. ശ്രദ്ധയില്‍പ്പെടുന്ന പ്രശ്നങ്ങള്‍ക്കൊക്കെ ശാശ്വത പരിഹാരമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ എന്നും നടത്തിയിരുന്നു.
കേരളത്തില്‍ ഇത്രമാത്രം സംസ്ഥാനത്തുടനീളെ സഞ്ചരിച്ച മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാകില്ല. രാഷ്ട്രീയ, പൊതു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷണം പോലും ഉപേക്ഷിച്ച നേതാവും വേറെയുണ്ടാകില്ല. ഭക്ഷണവും ഉറക്കവും മറന്ന് അദ്ദേഹം ആള്‍ക്കൂട്ടത്തിനിടയിലൂടെ സഞ്ചരിച്ചു. ആള്‍ക്കൂട്ടത്തില്‍ ലയിച്ച് ചേരാറുള്ള ഉമ്മന്‍ ചാണ്ടി മരണ ശേഷം ആള്‍ക്കൂട്ടത്തിന്റെ ഹൃദയത്തിലേക്കാണ് അലിഞ്ഞ് ചേര്‍ന്നത്. കേരളം അദ്ദേഹത്തെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നാണ് നാം കണ്ടത്. ഉമ്മന്‍ ചാണ്ടി നല്കിയ സ്നേഹം നൂറിരട്ടിയായാണ് കേരളത്തിലെ ജനങ്ങള്‍ മടക്കി നല്‍കിയത്.
ഭരണാധികാരിയായി ഇരിക്കുമ്പോഴും ഏറ്റവും സാധാരണക്കാര്‍ക്കിടയില്‍ ജീവിക്കാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടി. ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിജയവും അതുതന്നെയായിരുന്നു. സാധാരണക്കാരെ മറക്കാതെ, അവര്‍ക്കൊപ്പം നടന്ന്, അവര്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍… ജനസമ്പര്‍ക്ക പരിപാടി കഴിഞ്ഞതിന് ശേഷം സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന നിരവധി സങ്കീര്‍ണങ്ങളായ പ്രശ്നങ്ങള്‍, നിയമപരമായ തടസങ്ങള്‍, എത്ര കാലം സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയാലും തീരാത്ത ദുരിതങ്ങള്‍ ഇതെല്ലാം മനസില്‍ കുറിച്ചുവച്ച അദ്ദേഹം മുഖ്യമന്ത്രിയെന്ന നിലയില്‍ പരിഹാരമുണ്ടാക്കാന്‍ നിരവധി ഉത്തരവുകളിറക്കി. ജനസമ്പര്‍ക്ക പരിപാടിയില്‍ നല്കിയ സഹായങ്ങളെക്കാള്‍ ഇതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയതെന്നാണ് കരുതുന്നത്.
ഏത് വിഷയത്തിലും അദ്ദേഹം ശ്രദ്ധയോടെ ഇടപെട്ടിരുന്നു. നാട്ടില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് രോഗികളാണെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് കാരുണ്യ പദ്ധതിയും കാരുണ്യ ഫാര്‍മസിയും കോക്ലിയാര്‍ ഇംപ്ലാന്റേഷനും ഹീമോഫീലിയ രോഗികള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യമായി മരുന്ന് നല്‍കാനുള്ള പദ്ധതിയും കൊണ്ടുവന്നത്. സാധാരണക്കാരനെ ബാധിക്കുന്ന ഏത് പ്രശ്നം തന്റെ മുന്നില്‍ വന്നാലും നിയമ തടസങ്ങള്‍ മറികടന്ന് തീരുമാനമെടുക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നുവെന്നതാണ് ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഒരേ നിയമസഭ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി 53 വര്‍ഷവും വിജയിച്ച് നിയമസഭയില്‍ ഇരിക്കാന്‍ കഴിഞ്ഞ നേതാവാണ് അദ്ദേഹം. പുതുപ്പള്ളിയിലെ ജനങ്ങളെ ഹൃദയത്തിലേറ്റ് കേരളം മുഴുവന്‍ സഞ്ചരിച്ച അദ്ദേഹം എല്ലാ ജനപ്രതിനിധികള്‍ക്കും മാതൃകയാണ്. ജനങ്ങളോട് എങ്ങനെ പെരുമാറണം, അവരെ എങ്ങനെ ചേര്‍ത്ത് നിര്‍ത്തണം, പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണം എന്നതിനൊക്കെ മാതൃകയാണ് ഉമ്മന്‍ ചാണ്ടി.
അചഞ്ചലമായ ദൈവവിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ് അദ്ദഹം ജീവിച്ചത്. സദ്പ്രവര്‍ത്തികള്‍ ചെയ്യുകയും സ്നേഹഭാഷണം നടത്തുകയും ചെയ്തിരുന്ന അദ്ദേഹം പീഡാനുഭവങ്ങളിലൂടെയും കടന്നു പോയി. ക്രിസ്തുവിനെ ക്രൂശിച്ച ശേഷം പടയാളികളുടെ ശതാധിപന് ഇങ്ങനെ പറഞ്ഞു… Certainly this was a righteous man… വാസ്തവത്തില്‍ അദ്ദേഹം ഒരു നീതിമാനായിരുന്നു… ആ നീതിമാന് ഉയര്ത്തെഴുന്നേല്ക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലായിരിക്കുമെന്നാണ് ഈ കാലം നമ്മോട് പറയുന്നത്. ജനങ്ങളുടെ ഹൃദയത്തില്‍ ആര്‍ക്കും മായ്ച്ച് കളയാനാകാത്ത വിധം ഉമ്മന്‍ ചാണ്ടി എന്നും ജീവിച്ചിരിക്കുക തന്നെ ചെയ്യുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.