തൃശൂർ: കൈക്കൂലി കേസിൽ ഓവർസീയർക്ക് രണ്ട് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും തൃശൂർ വിജിലൻസ് കോടതി ശക്ഷിച്ചു. തൃശൂർ വടക്കാഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഓവർസിയർ ആയിരുന്ന ജിമ്മി വർഗീസ് 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്.
വടക്കാഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഓവർസിയർ ആയിരുന്ന ജിമ്മി വർഗീസ്, തൃശൂർ പറളിക്കാട് സ്വദേശിയായ പരാതിക്കാരന്റെ സഹോദരൻ പുതുതായി പണിത വീടിന്റെ കെട്ടിട നമ്പർ ലഭിക്കുന്നതിന് അനുകൂല റിപ്പോർട്ട് നൽകുന്നതിന് 2010 ആഗസ്റ്റ് അഞ്ചിന് പരാതിക്കാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങി. തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പി എസ്.ആർ ജ്യോതിഷ് കുമാർ കൈയോടെ പിടികൂടി.
രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ ജിമ്മി ‘വർഗീസ് കുറ്റക്കാരൻ ആണെന്ന് തൃശൂർ വിജിലൻസ് കോടതി ഇന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന് വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വി. കെ ശൈലജൻ, ഇ.ആർ. സ്റ്റാലിൻ എന്നിവർ ഹാജരായി.